ജോസഫിന്റെ ദീന വിലാപങ്ങളും കുമ്മനത്തിന്റെ തിരിച്ചുവരവിലെ ട്രോൾ ആഘോഷവുമല്ല തെരഞ്ഞെടുപ്പ്; ശ്രദ്ധ പതിയേണ്ടത് ജീവൽ പ്രശ്നങ്ങളിൽ

മത കലഹങ്ങൾ കൊണ്ടും, പ്രകൃതി ദുരന്തങ്ങൾ കൊണ്ടും അഭയാർത്ഥിയായി അലയേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു ഇന്ത്യൻ ജനതയാകുന്നു നമ്മൾ
ജോസഫിന്റെ ദീന വിലാപങ്ങളും കുമ്മനത്തിന്റെ തിരിച്ചുവരവിലെ ട്രോൾ ആഘോഷവുമല്ല തെരഞ്ഞെടുപ്പ്; ശ്രദ്ധ പതിയേണ്ടത് ജീവൽ പ്രശ്നങ്ങളിൽ

കേരളത്തെ തകർത്ത മഹാപ്രളയവും അതിൽ നിന്നുള്ള അതിജീവനവും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന ചർച്ചാ വിഷയമാകേണ്ടതുണ്ടെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. തന്റെ ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് അശോകൻ ചരുവിൽ നിലപാട് വ്യക്തമാക്കിയത്. 

പിജെ ജോസഫിന്റെ ദീന വിലാപ ഗാനങ്ങളും കുമ്മനം രാജശേഖരന്റെ തിരിച്ചുവരവിൽ ട്രോളർമാരുടെ ആഘോഷവും അവസാനിപ്പിച്ച് മനുഷ്യനേയും സമൂഹത്തേയും ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. അഞ്ച് വർഷത്തിനിടക്ക് വരുന്ന തെരഞ്ഞെടുപ്പ് തമാശയും ആഘോഷവുമല്ല. നമ്മുടെ ജീവിതത്തിന്റെ വിധിയാണ് നിർണ്ണയിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

മത കലഹങ്ങൾ കൊണ്ടും, പ്രകൃതി ദുരന്തങ്ങൾ കൊണ്ടും അഭയാർത്ഥിയായി അലയേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു ഇന്ത്യൻ ജനതയാകുന്നു നമ്മൾ. അഭിമാനമാകുന്നു നമ്മുടെ പതാക. അതു താഴാൻ അനുവദിക്കുകയില്ലെന്ന് ഈ തെരഞ്ഞെടുപ്പുവേളയിൽ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുറിപ്പിന്റെ പൂർണ രൂപം

കേരളത്തെ തകർത്ത മഹാപ്രളയവും അതിൽ നിന്നുള്ള അതിജീവനവും ഈ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രധാന ചർച്ചാവിഷയമാവേണ്ടതുണ്ട്.

പി.ജെ.ജോസഫിന്റെ ദീനവിലാപ ഗാനങ്ങളും കുമ്മനം രാജശേഖരന്റെ തിരിച്ചുവരവിൽ ട്രോളർമാരുടെ ആഘോഷവും അവസാനിപ്പിച്ച് മനുഷ്യനേയും സമൂഹത്തേയും ബാധിക്കുന്ന ജീവൽപ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. അഞ്ചു വർഷത്തിനിടക്ക് വരുന്ന തെരഞ്ഞെടുപ്പ് തമാശയും ആഘോഷവുമല്ല. നമ്മുടെ ജീവിതത്തിന്റെ വിധിയാണ് നിർണ്ണയിക്കപ്പെടുന്നത്.

കേരളത്തെ പ്രളയം ഞെരിച്ചു തകർക്കുന്ന സമയത്ത് ഞാൻ രാജ്യത്ത് ഇല്ല. മക്കളെ കാണുന്നതിനും അവരോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കുന്നതിനും വേണ്ടി ഞങ്ങൾ ജർമ്മനിയിൽ പോയിരിക്കുകയായിരുന്നു. അവിടെ ഇരുന്നു കൊണ്ട് കണ്ട വാർത്തകളും ദൃശ്യങ്ങളും വലിയ ആശങ്കകളാണ് മനസ്സിൽ ഉണ്ടാക്കിയത്.

ഇങ്ങനെയൊരു ദുരന്തം കേരളം ഇതിനു മുമ്പ് അനുഭവിച്ചിട്ടില്ല. ഇതിന്റെ ബാക്കിപത്രം എന്തായിരിക്കും എന്നതായിരുന്നു മുഖ്യ ചിന്ത. ഉത്തരേന്ത്യയിൽ ഇടക്കിടെ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. ആയിരങ്ങൾ മരിച്ചതിന്റെയും വീടുകളും കൃഷിയിടങ്ങളും തകർന്നതിന്റെയും വാർത്തകൾ വരും. പിന്നാലെ പകർച്ചവ്യാധികൾ പടർന്നു പിടിച്ചതിന്റെ വിവരങ്ങൾ. രോഗങ്ങൾ കൊണ്ടും കൊടുംപട്ടിണി കൊണ്ടും ജനങ്ങൾ ഇയാംപാറ്റകൾ പോലെ വീണ്ടും മരിച്ചുവീഴും.

അവശേഷിക്കുന്ന മനുഷ്യർ ഭാണ്ഡങ്ങൾ മുറുക്കി അഭയാർത്ഥികളായി നാടുവിടും. അലഞ്ഞലഞ്ഞ് അവരിൽ ചിലർ ഇങ്ങേയറ്റത്ത് നമ്മുടെ കേരളത്തിലും വരാറുണ്ട്. കുട്ടിക്കാലം മുതലേ നമ്മൾ കാണുന്ന കാഴ്ചയാണ്. പാളത്താറുടുത്ത് തൊപ്പി വെച്ച പ്രളയബാധിതരുടെ വരവ്. ഗോസായിമാർ പടികടക്കുംമുമ്പെ കുട്ടികൾ കളിയായി വിളിച്ചു പറയും: "ദേ, വെള്ളപ്പൊക്കം വരണൂ." 
ഹിന്ദിയും മലയാളവും അതിലേറെ ദയനീയതയും കലർത്തി അവർ പൈസയും ഭക്ഷണവും വസ്ത്രവും യാചിക്കും. ചിലരുടെ കയ്യിൽ ചുളിഞ്ഞു മടങ്ങിയ മുഷിഞ്ഞ ഒരു സർട്ടിഫിക്കറ്റ് കാണാറുണ്ട്. അവരുടെ നാട്ടിലെ ജില്ലാ മജിസ്ട്രേറ്റിന്റെയോ, പഞ്ചായത്ത് അധികൃതരുടേയോ മുദ്ര പതിച്ച കടലാസാണ്. ഇംഗ്ലീഷിലായാലും ഹിന്ദിയിലായാലും അതിലെ സംഗതി ഇതാണ്: "വെള്ളപ്പൊക്കം. വീടും കൃഷിയും നഷ്ടപ്പെട്ടു. ഉറ്റവർ മരിച്ചു. എന്തെങ്കിലും നൽകി സഹായിക്കണം."

അവിടത്തെ സംസ്ഥാന സർക്കാരിന്റെ ഏക പ്രളയ ദുരിതാശ്വാസ പ്രവർത്തമാണത്രെ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് കൊടുക്കൽ. മുദ്രപതിച്ച ആ കടലാസു സമ്പാദിക്കാൻ കളക്ടറേറ്റ് കച്ചേരിയിൽ പോയി ഈ മനുഷ്യർ എത്ര ദിവസം കാത്തു നിന്നു നരകിച്ചിട്ടുവും എന്നു ഞാൻ ഓർക്കാറുണ്ട്.

ജർമ്മനിയിലിരുന്ന് ഞാൻ ഭയന്നു. എല്ലാം നഷ്ടപ്പെട്ട് സർക്കാർ കനിഞ്ഞു നൽകിയ സർട്ടിഫിക്കറ്റുമായി അന്യസംസ്ഥാനങ്ങളിൽ തെണ്ടാനിറങ്ങിയ കേരള ജനതയെ മനസ്സിൽ കണ്ട് ഞാൻ ഞെട്ടി ഉണർന്നു. ഉറക്കം നഷ്ടപ്പെട്ടു.

പക്ഷേ അങ്ങനെയൊന്നുമല്ല ഉണ്ടായതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ശരീരത്തിന് ചില്ലറ മുറിവുകൾ പറ്റിയെങ്കിലും അഭിമാനത്തിന് തെല്ലും പോറലേൽക്കാതെ നാം ജീവിതത്തിന്റെ കരപറ്റി. മുങ്ങിത്താഴുമ്പോൾ കൈ പിടിക്കാൻ ആളുണ്ടായി. ഒരു ജനത; ഒരു നായകൻ.

പ്രളയം കഴിഞ്ഞ് ഇനി? പകർച്ചവ്യാധി, പട്ടിണി?
"അതിന് നമ്മളിനി അങ്ങട് എറങ്ങ്വല്ലേ?"
-മുഖ്യമന്ത്രി പിണറായി വിജയൻ

മതകലഹങ്ങൾ കൊണ്ടും, പ്രകൃതിദുരന്തങ്ങൾ കൊണ്ടും അഭയാർത്ഥിയായി അലയേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു ഇന്ത്യൻ ജനതയാകുന്നു നമ്മൾ. അഭിമാനമാകുന്നു നമ്മുടെ പതാക. അതു താഴാൻ അനുവദിക്കുകയില്ലെന്ന് ഈ തെരഞ്ഞെടുപ്പുവേളയിൽ ഉറപ്പു വരുത്തേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com