സിസിടിവി എല്ലാം കണ്ടു! ; കോട്ടയത്തെ കൊലപാതകത്തില്‍ പ്രതി ബംഗളൂരുവില്‍ പിടിയില്‍

പുഷ് കുമാറിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചു അപ്പു  പണം പിന്‍വലിച്ചതായും  കണ്ടെത്തിയിരുന്നു
സിസിടിവി എല്ലാം കണ്ടു! ; കോട്ടയത്തെ കൊലപാതകത്തില്‍ പ്രതി ബംഗളൂരുവില്‍ പിടിയില്‍

കോട്ടയം : കോട്ടയം നഗരമധ്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. മരിച്ചയാളുടെ സുഹൃത്തും ജല്‍പായ്ഗുഡി
സ്വദേശിയുമായ അപ്പു റോയ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16 നാണ് കോടിമതയ്ക്കു സമീപം കോട്ടയത്തെ നടുക്കിയ കൊലപാതകം നടക്കുന്നത്. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

കൊല്ലപ്പെട്ടത് ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശി പുഷ്പനാഥ് സൈബിയാണെന്നും ( പുഷ്‌കുമാര്‍) ഇയാളെ സുഹൃത്ത് അപ്പു റോയ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ജല്‍പായ്ഗുഡി സ്വദേശികളായ പുഷ്‌കുമാര്‍ എരുമേലിയിലും അപ്പുറോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്.  പുഷ് കുമാര്‍ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു  മനസിലാക്കി. എന്നാല്‍ ജോലി സ്ഥലത്തു  നിരന്തരം വഴക്കുണ്ടാക്കുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നല്‍കിയിരുന്നില്ല.

പുഷ് കുമാർ, അറസ്റ്റിലായ അപ്പു റോയ്
പുഷ് കുമാർ, അറസ്റ്റിലായ അപ്പു റോയ്

ആവശ്യത്തിന് പണംമായതിനാല്‍ നാട്ടിലേക്ക് തിരിച്ചുപോയി കൃഷി തുടങ്ങുകയാണെന്ന് പുഷ് കുമാര്‍ അപ്പുവിനോട് പറഞ്ഞിരുന്നു. സംഭവദിവസം പുഷ് കുമാറിനെ കോട്ടയത്തേക്ക് വിളിച്ചുവരുത്തിയ പ്രതി നഗരത്തിലെ കെട്ടിടത്തിന്റെ മുകളില്‍ വച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. പുഷ് കുമാറിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചു അപ്പു  പണം പിന്‍വലിച്ചതായും  കണ്ടെത്തിയിരുന്നു. എടിഎം കാര്‍ഡില്‍ പുഷ് കുമാര്‍ പിന്‍ നമ്പര്‍ എഴുതിയിരുന്നതാണ് പണം എടുക്കാനും സൗകര്യമായത്. 

കൊലപാതകം നടന്ന കോടിമതയിലെ  ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ചിത്രമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ കോട്ടയത്തെയും പരിസരത്തെയും ലേബര്‍ കരാറുകാരുടെ യോഗം വിളിച്ചു ചേര്‍ത്തതില്‍ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com