'ജയ'രാജനായി മുരളി; വടകര 'കൈ'ക്കുമ്പിളില്‍

വടകരയില്‍ സിറ്റിങ് എംപി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളമാണ് കെ മുരളീധരന്‍ ഇത്തവണ നേടിയ ഭൂരിപക്ഷം
'ജയ'രാജനായി മുരളി; വടകര 'കൈ'ക്കുമ്പിളില്‍

വടകര:  രണ്ടുതവണ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ ഉരുക്കുകോട്ട തിരിച്ചുപിടിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു വടകരയിലെ പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍ ജയം പേരിലൊതുങ്ങിയപ്പോള്‍ കെ മുരളീധരന്‍ വടകരയില്‍ ഏകപക്ഷീയമായ വിജയം കുറിച്ചു. കോണ്‍ഗ്രസോ യുഡിഎഫോ പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് മുരളി കാഴ്ചവെച്ചത്. സിപിഎം മികച്ച ലീഡ് പ്രതീക്ഷിച്ച കൂത്തുപറമ്പില്‍ പോലും ഇടത് ക്യാമ്പിനെ അമ്പരപ്പിച്ചുകൊണ്ട് മുരളി മുന്നിലെത്തി.

വടകരയില്‍ സിറ്റിങ് എംപി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളമാണ് കെ മുരളീധരന്‍ ഇത്തവണ നേടിയ ഭൂരിപക്ഷം. 526755 വോട്ടുകളാണ് കെ മുരളീധരന്‍ നേടിയത്. 84,663 വോട്ടിന്റെ ഭൂരിപക്ഷം. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ 442092 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി വികെ സജീവന്‍ 80128 വോട്ടുകള്‍ നേടിയപ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി 5544 വോട്ടുകള്‍ നേടി. നോട്ടയാണ്(3415) അഞ്ചാം സ്ഥാനത്ത്. 

യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും സിപിഎം സ്ഥാനാര്‍ഥി പി ജയരാജനും എന്‍ഡിഎ സ്ഥാനാര്‍ഥി വികെ സജീവനും ഉള്‍പ്പെടെ 13 സ്ഥാനാര്‍ഥികളാണ് വടകരയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സിഒടി നസീര്‍ ഉള്‍പ്പെടെ 6 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. പ്രധാനപാര്‍ട്ടികള്‍ക്ക് പുറമേ നാഷണല്‍ ലേബര്‍ പാര്‍ട്ടി, സിപിഐ(എംഎല്‍) എന്നിവയും മത്സരത്തിനുണ്ടായിരുന്നു.

സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് വടകര. 12,28,969 വോട്ടര്‍മാരുള്ള വടകരയില്‍  82.48 ആയിരുന്നു പോളിങ് ശതമാനം. തീപാറും പോരാട്ടം പ്രതീക്ഷിച്ചിരുന്ന വടകര രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു. 

കൂത്തുപറമ്പ്, തലശ്ശേരി, വടകര, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലമാണ് വടകര. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയും കൂത്തുപറമ്പും ഇടതുമുന്നണിക്കൊപ്പം നിലനിന്നിരുന്നെങ്കിലും ഇത്തവണ കൂത്തുപറമ്പ് ഇടതിനെ കൈവിട്ടു. തലശ്ശേരി മാത്രമാണ് പി ജയരാജന് മുന്‍തൂക്കമുണ്ടായിരുന്ന നിയമസഭാ മണ്ഡലം.  കൂത്തുപറമ്പ് 4133, വടകര 22963, കുറ്റിയാടി 17892, നാദാപുരം 17596, കൊയിലാണ്ടി 21045, പേരാമ്പ്ര 13204 എന്നിങ്ങനെയാണ് കെ മുരളീധരന് മണ്ഡലങ്ങളില്‍ ലഭിച്ച ലീഡ് നില. തലശ്ശേരിയില്‍ മാത്രമാണ് ജയരാജന് മുന്‍തൂക്കം.11469 വോട്ടിന്റെ ലീഡാണ് തലശ്ശേരിയില്‍ ജയരാജന് ഉണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com