നിറഞ്ഞ വിനയം വേണം; വലുതെന്ന ചിന്ത ഒഴിവാക്കണം; മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്ന് ബിനോയ് വിശ്വം

ഏത് നേതാവിനെക്കാളും പാര്‍ട്ടിയെക്കാളും വലുത് ജനങ്ങളാണെന്നാണ് ഞങ്ങള്‍ കാണേണ്ടത്. അങ്ങനെ കാണുമ്പോഴാണ് ഞങ്ങള്‍ ഇടതുപക്ഷമാകുന്നത്. അത് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ വലതുപക്ഷമായിപ്പോകും
നിറഞ്ഞ വിനയം വേണം; വലുതെന്ന ചിന്ത ഒഴിവാക്കണം; മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ഇതുപോലൊരു പരാജയം ഞങ്ങളുടെ കണക്കെടുപ്പിലോ, ഭാവനയിലോ സങ്കല്‍പ്പത്തിലോ കണ്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഞങ്ങള്‍ കാണാത്തതരത്തിലുള്ള അടിയൊഴുക്കുകളാണ് തെരഞ്ഞടുപ്പിലുണ്ടായത്. അതേ കുറിച്ച് എല്‍ഡിഎഫ് പഠിക്കും. അങ്ങനെ മുന്നേറണമെങ്കില്‍ നിറഞ്ഞ വിനയം വേണം. വിനയത്തിന്റെ ബാലപാഠം എന്നു പറയുന്നത് ഞങ്ങളല്ല ജനങ്ങളാണ് വലുതെന്നതാണ്. ഏത് നേതാവിനെക്കാളും പാര്‍ട്ടിയെക്കാളും വലുത് ജനങ്ങളാണെന്നാണ് ഞങ്ങള്‍ കാണേണ്ടത്. അങ്ങനെ കാണുമ്പോഴാണ് ഞങ്ങള്‍ ഇടതുപക്ഷമാകുന്നത്. അത് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ വലതുപക്ഷമായിപ്പോകും. 

മാധ്യമങ്ങളെ കാണുമ്പോള്‍ മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ശബരിമലയും തിരിച്ചടിക്കു കാരണമായി. അതേസമയം കൃത്യമായ നിലപാടാണ് ഇടതു മുന്നണി സ്വീകരിച്ചത്. എന്നാല്‍ അതു നടപ്പാക്കിയ രീതി തെറ്റായിപ്പോയി. വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് സമാവായം ഉണ്ടാക്കണമായിരുന്നു. തെരഞ്ഞെടിപ്പില്‍ വിശ്വാസികളെ കൂടെ നിര്‍ത്താനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് വിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com