അന്നമ്മയെ കൊലപ്പെടുത്തിയത് 'ഡോഗ് കില്‍' എന്ന വിഷം ഉപയോഗിച്ച് ?; ജോളി നായ വിഷം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന്

ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തിയാണ് അന്നമ്മയെ കൊന്നത് എന്നായിരുന്നു നേരത്തെ ജോളി മൊഴി നല്‍കിയിരുന്നത്
അന്നമ്മയെ കൊലപ്പെടുത്തിയത് 'ഡോഗ് കില്‍' എന്ന വിഷം ഉപയോഗിച്ച് ?; ജോളി നായ വിഷം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായ അന്നമ്മയുടേത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. 'ഡോഗ് കില്‍' എന്ന വിഷം ഉപയോഗിച്ചാണ് പ്രതി ജോളി, ഭര്‍തൃമാതാവായ അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് നായ വിഷം വാങ്ങിയത്. ഇത് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തുവെന്നാണ് സൂചന.

ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്റെ അമ്മയാണ് അന്നമ്മ. ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തിയാണ് അന്നമ്മയെ കൊന്നത് എന്നായിരുന്നു നേരത്തെ ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

ജോളിയുടെ ബിരുദം അടക്കം വ്യാജമാണെന്ന് അന്നമ്മയ്ക്ക് സംശയം തോന്നിയിരുന്നു. മാത്രമല്ല ജോളിയുടെ പല ഇടപാടുകളിലും ദുരൂഹതയുണ്ടെന്നും അന്നമ്മ സംശയിച്ചു. ഇതാണ് അന്നമ്മയെ വകവരുത്താന്‍ ജോളിയെ പ്രേരിപ്പിച്ചത്. മാത്രമല്ല വീട്ടിലെ സാമ്പത്തിക അധികാരങ്ങളെല്ലാം അന്നമ്മയിലായിരുന്നു. ഇത് കൈപ്പിടിയിലൊതുക്കുക എന്നതു കൂടി അന്നമ്മയെ വകവരുത്താന്‍ ജോളിയെ പ്രേരിപ്പിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അതിനിടെ കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. കുറ്റിയാടി സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com