അവിവേകത്തില്‍ നിന്ന് പിന്തിരിയണം, ഭക്തന്മാരെ വീണ്ടും തെരുവില്‍ ഇറക്കരുത്: ചിദാനന്ദപുരി

പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്ത് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി
അവിവേകത്തില്‍ നിന്ന് പിന്തിരിയണം, ഭക്തന്മാരെ വീണ്ടും തെരുവില്‍ ഇറക്കരുത്: ചിദാനന്ദപുരി

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുളള വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്ത് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ കാതലായ തെറ്റുണ്ടെന്ന് സുപ്രീംകോടതി കണ്ടെത്തിയിരിക്കുകയാണെന്ന് ചിദാനന്ദപുരി ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിട്ടതോടെ, മുന്‍ വിധി പ്രായോഗികമായി ദുര്‍ബലമായി കഴിഞ്ഞു. ഹൈന്ദവ വിശ്വാസത്തെയും ധാര്‍മ്മിക ആചാരങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഭക്തരെ തെരുവില്‍ ഇറക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ചിദാനന്ദപുരി ആവശ്യപ്പെട്ടു.

പുനഃപരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിട്ടതോടെ, ഹൈക്കോടതിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവുകളാണ് നിലനില്‍ക്കുക. യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട ഉത്തരവിലൂടെ പഴയ വിധി സ്റ്റേ ചെയ്തു എന്ന് അനുമാനിക്കാവുന്നതാണ്. ഒരു അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിനെ മറ്റൊരു അഞ്ചംഗ ബെഞ്ചിന് സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്നും ചിദാനന്ദപുരി പറഞ്ഞു.

ഹൈന്ദവ ആചാരവിഷയങ്ങള്‍ പൊതുവിഷയമാണെന്നും ഇതരമതങ്ങളുടെ മതവിഷയങ്ങള്‍ അതത് മതങ്ങള്‍ക്കും എന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. അതില്‍ ഒരു മാറ്റം ഇപ്പോള്‍ ഉണ്ടായിരിക്കുകയാണെന്നും ചിദാനന്ദപുരി പറഞ്ഞു.ഇതര മതങ്ങളുടെ ആചാരങ്ങള്‍ അതത് മതങ്ങളുടെതായി സംരക്ഷിക്കപ്പെടുകയും ഹൈന്ദവ ആചാരങ്ങള്‍ സെക്കുലര്‍ കോടതിയുടെ നിരൂപണങ്ങള്‍ക്ക് വിധേയമാകുന്നതുമായിരുന്നു അവസ്ഥ. ഇതുമാറി  എല്ലാതന്നെ കോടതിയുടെ നിരൂപണത്തിന് വിധേയമാകുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ  കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ചിദാനന്ദപുരി പറഞ്ഞു.

ഏഴംഗബെഞ്ചിന്റെ വിധി വരുന്നതുവരെ നൂറ്റാണ്ടുകളായി പുലര്‍ത്തി പോരുന്ന ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതാണ് എന്ന് അംഗീകരിക്കുന്നതാണ് കോടതി വിധി. കോടതിയില്‍ നിന്ന് ക്ഷേത്ര ആചാരങ്ങളെ സംരക്ഷിക്കുന്ന ധാര്‍മികമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ ക്ഷേത്രാചാര്യങ്ങളെ ധ്വംസിക്കാതെയും ഭക്തമനസ്സുകളെ വേദനിപ്പിക്കാതെയും വിവേകപൂര്‍ണമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നതായും ചിദാനന്ദപുരി പറഞ്ഞു. അവിവേകത്തില്‍ നിന്ന് തത്പരകക്ഷികള്‍ പിന്തിരിയണം. ഭക്തന്മാരെ തെരുവില്‍ ഇറക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ചിദാനന്ദപുരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com