ഓടിക്കാൻ ബുളളറ്റ് നൽകിയ യുവതി പുലിവാല് പിടിച്ചു, ഒരു വാഹനത്തിന് രണ്ട് ഉടമകൾ; തർക്കം, നട്ടം തിരിഞ്ഞ് പൊലീസ്

മലപ്പുറത്ത് ബുളളറ്റ് ഓടിക്കാൻ സുഹൃത്തിന് നൽകിയതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തിരൂർ സ്വദേശിനി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: വാഹനം ഓടിക്കാൻ സുഹൃത്തുക്കൾ ചോദിച്ചാൽ കൊടുക്കാത്തവർ ചുരുക്കമാണ്. മലപ്പുറത്ത് ബുളളറ്റ് ഓടിക്കാൻ സുഹൃത്തിന് നൽകിയതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തിരൂർ സ്വദേശിനി. ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് വഴി മറ്റൊരു വ്യക്തി തന്റെ വാഹനം അയാളുടെ പേരിലാക്കി രജിസ്റ്റർ ചെയ്തതായി യുവതി പരാതിപ്പെട്ടു. ഇതോടെ ബുളളറ്റിന്റെ അവകാശത്തെ ചൊല്ലിയുളള തർക്കം ആർടി ഓഫീസിന്റെ അന്തിമ തീരുമാനത്തിലേക്ക് നീണ്ടിരിക്കുകയാണ്.

ഓടിക്കാനായി കൊണ്ടുപോയ വാഹനം സുഹൃത്ത് മറ്റൊരാൾക്ക് പണയപ്പെടുത്തിയതായി യുവതി തിരൂർ ജോയിന്റ് ആർടിഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഈ പരാതി നിലനിൽക്കെ തന്നെ വാഹനം പണയമായി സ്വീകരിച്ച മഞ്ചേരി സ്വദേശി മലപ്പുറം ആർടി ഓഫീസിൽ നിന്ന് വാഹനം സ്വന്തംപേരിലാക്കി രജിസ്റ്റർ ചെയ്തതായാണ് ആരോപണം. ഇതോടെയാണ് ബുളളറ്റിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായത്. പൊലീസ് അന്വേഷണവും തുടങ്ങി.

സംഗതി പ്രശ്നമാകുമെന്ന് ഉറപ്പായതോടെ ബുള്ളറ്റ് ചിലർ തിരൂരുകാരിയായ യുവതിയുടെ വീട്ടിൽ കൊണ്ട് നൽകി. പക്ഷേ മഞ്ചേരി സ്വദേശിയുടെ പരാതിയെ തുടർന്ന് വാഹനം പൊലീസ് തിരൂർ സ്റ്റേഷനിലേക്ക് മാറ്റി. അന്തിമ തീരുമാനം എടുക്കാൻ ആർടി ഓഫീസിൽ നിന്നുള്ള രേഖയുമായി വരാൻ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com