തിരുവനന്തപുരത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പാക്കി; കേന്ദ്രറിപ്പോര്‍ട്ട് തള്ളി ജലഅതോറിറ്റി

കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ജലഅതോറിറ്റി രംഗത്തെത്തിയത്
തിരുവനന്തപുരത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പാക്കി; കേന്ദ്രറിപ്പോര്‍ട്ട് തള്ളി ജലഅതോറിറ്റി

തിരുവനന്തപുരം; തിരുവനന്തപുരത്തെ വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിനെതിരേ ജല അതോറിറ്റി. ഗുണനിലവാരം ഉറപ്പാക്കിയാണ് തിരുവനന്തപുരത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് ജലഅതോറിറ്റി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ജലഅതോറിറ്റി രംഗത്തെത്തിയത്. 

ജില്ലാ ഗുണനിലവാര പരിശോധനാ ലാബുകളില്‍ ഉറപ്പുവരുത്തിയ ശേഷമാണ് കുടിവെളളം വിതരണം ചെയ്യുന്നത്. 15 ഘടകങ്ങള്‍ പരിശോധിച്ചാണ് നിലവാരം ഉറപ്പുവരുത്തുന്നതെന്നും ജല അതോറിറ്റി വ്യക്തമാക്കി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് (ബിഐഎസ്)നടത്തിയതായി പറയുന്ന പരിശോധനയുടെ വിശദവിവരങ്ങള്‍ അതോറിറ്റിക്ക് കിട്ടിയിട്ടില്ല. എങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതോറിട്ടി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ 13 സുപ്രധാന നഗരങ്ങളില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 21 പ്രമുഖ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍ യോഗ്യമായ പൈപ്പ് വെള്ളം ലഭിക്കുന്നത് മുംബൈയില്‍ മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com