ഇത് സര്‍ക്കാരിന്റെയും പൊലീസിന്റെയും നയമല്ല; ബൈക്ക് യാത്രികനെ എറിഞ്ഞിട്ട പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കും: ഡിജിപി

കൊല്ലം കടക്കലില്‍ വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനെ എറിഞ്ഞിട്ട സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി
ഇത് സര്‍ക്കാരിന്റെയും പൊലീസിന്റെയും നയമല്ല; ബൈക്ക് യാത്രികനെ എറിഞ്ഞിട്ട പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കും: ഡിജിപി

തിരുവനന്തപുരം: കൊല്ലം കടക്കലില്‍ വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനെ എറിഞ്ഞിട്ട സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം പരിശോധനകള്‍ സര്‍ക്കാരിന്റെയോ പൊലീസിന്റെയോ നയമല്ല.  ആവര്‍ത്തിച്ചാല്‍ എസ്പിമാര്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിനെ വാഹനപരിശോധനയ്ക്ക് ഇറങ്ങിയ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞിടുകയായിരുന്നു. കൊല്ലം കടയ്ക്കലില്‍ കാഞ്ഞിരത്തുംമൂടിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഴക്കുംഭാഗം സ്വദേശി സിദ്ധിഖ് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹനപരിശോധന നടത്തുന്ന പൊലീസിന് മുന്നില്‍പ്പെട്ടത്. പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ സിദ്ധിഖിനെ പൊലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞിടുകയായിരുന്നു.

ഏറുകൊണ്ടതോടെ നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ ചെന്നിടിക്കുകയായിരുന്നു. പൊലീസിന്റെ കാടത്തത്തിനെതിരെ നാട്ടുകാര്‍ പാരിപ്പള്ളിമടത്തറ റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. 

വാഹനപരിശോധനയ്ക്ക് ഇറങ്ങുന്ന പൊലീസുകാര്‍ ഒളിച്ചിരുന്നോ, റോഡില്‍ കയറിനിന്നോ വാഹനം തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമം ലംഘിക്കുന്നവരുടെ തെളിവുകള്‍ ശേഖരിച്ചശേഷം നോട്ടീസ് അയക്കുകയും, നിയമനടപടി സ്വീകരിക്കുകയും മാത്രമേ ചെയ്യാവൂ എന്നും കോടതി പൊലീസിന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com