ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല, ഇന്‍വിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാന്‍ കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തി, കുറ്റപത്രത്തില്‍ സിബിഐ 

കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍ ഓഫീസ് റൂമില്‍ വെച്ച് ജിഷ്ണുവിന്റെ കോളറിന് കുത്തിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു
ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല, ഇന്‍വിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാന്‍ കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തി, കുറ്റപത്രത്തില്‍ സിബിഐ 

തൃശൂര്‍ : പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. കോളേജ് അധികൃതരുടെ ആരോപണം തെറ്റാണെന്നും സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കി. ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ഇന്‍വിജിലേറ്റര്‍ സി പി പ്രവീണിന്റെ ആക്ഷേപം തെറ്റാണ്. ഇന്‍വിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാന്‍ കോളേജ് അധികൃതര്‍ ജിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

കോപ്പിയടിച്ചു എന്ന് കോളേജ് അധികൃതര്‍ പറയുന്ന ദിവസത്തെ ജിഷ്ണുവിന്റെ ഉത്തരക്കടലാസും സമീപത്തുണ്ടായിരുന്ന കുട്ടികളുടെ ഉത്തരക്കടലാസും പരിശോധിച്ചിരുന്നു. എന്നാല്‍ ആരോപണം ശരിവെക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന് സിബിഐ വ്യക്തമാക്കുന്നു. മാത്രമല്ല, ഒരു വിദ്യാര്‍ത്ഥി കോപ്പിയടിച്ചല്‍ പാലിക്കേണ്ട കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി മാനദണ്ഡങ്ങള്‍ അധികൃതര്‍ പാലിച്ചില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ സൂചിപ്പിച്ചു. 

ജീഷ്ണുവിന്റെ ഉത്തരക്കടലാസ് ക്രോസ് ചെക്ക് ചെയ്യാതെയാണ് ഇന്‍വിജിലേറ്റര്‍, കോപ്പിയടിച്ചു എന്ന് കണ്ടെത്തിയത്. മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുമായി ചേര്‍ത്ത് പരിശോധിക്കാതെ ഇന്‍വിജിലേറ്റര്‍ എങ്ങനെ ഈ നിഗമനത്തിലെത്തിയെന്നും സിബിഐ സംശയം പ്രകടിപ്പിക്കുന്നു. ഇന്‍വിജിലേറ്റര്‍ക്കുണ്ടായ പിഴവ് മറച്ചുവെക്കാന്‍ ജിഷ്ണുവിനെ മാനസികമായി തകര്‍ക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിച്ചത്. ഭാവിയില്‍ ഒരു പരീക്ഷയും എഴുതാന്‍ അനുവദിക്കാതെ ഡീബാര്‍ ചെയ്യുമെന്നായിരുന്നു ഭീഷണി.

ഇതിന്റെ ഭാഗമായി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍ ഓഫീസ് റൂമില്‍ വെച്ച് ജിഷ്ണുവിന്റെ കോളറിന് കുത്തിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമ്മര്‍ദ്ദത്തിനൊടുവില്‍ ജിഷ്ണുവില്‍ നിന്നും കോപ്പിടയിച്ചു എന്ന സമ്മതിച്ചുകൊണ്ടുള്ള രണ്ടുപേപ്പറുകള്‍ എഴുതി വാങ്ങിക്കുകയായിരുന്നു. നിരന്തര ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയ കോളേജ് അധികൃതര്‍, ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്‍വിജിലേറ്റര്‍ സിപി പ്രവീണും കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലും കുറ്റക്കാരാണെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കി. 

ജിഷ്ണു മരിച്ച സംഭവത്തില്‍ നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, കോളേജ് പിആര്‍ഒ സഞ്ജിത് കെ വിശ്വനാഥ്, പരീക്ഷ സെല്‍ കോര്‍ഡിനേറ്റര്‍ ഡിപിന്‍ എന്നിവര്‍ക്ക് പങ്കില്ലെന്നും സിബിഐ കണ്ടെത്തി. ഇവരെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. ജിഷ്ണു മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. വെബ് ഡിസൈനിംഗില്‍ വിദഗ്ധനായ ജിഷ്ണു പഠനശേഷം സ്വന്തം സ്റ്റാര്‍ട്ട് അപ്പ് സംരംഭം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. കോളേജ് ക്യാംപസില്‍ ഒരു രാഷ്ട്രീയ ഗ്രൂപ്പുകളിലും ജിഷ്ണു അംഗമായിരുന്നില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com