ഈ തെരഞ്ഞെടുപ്പില്‍ സമദൂരമില്ല ; സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ട സമയമെന്ന് എന്‍എസ്എസ്

നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ അവര്‍ണ ചേരിതിരിവുണ്ടാക്കുകയാണ്
ഈ തെരഞ്ഞെടുപ്പില്‍ സമദൂരമില്ല ; സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ട സമയമെന്ന് എന്‍എസ്എസ്

കോട്ടയം : രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പില്‍ നായര്‍ സര്‍വീസ് സൊസൈറ്റി ശരിദൂരം കണ്ടെത്തുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശരിദൂരം ഏതാണെന്ന് സമുദായാംഗങ്ങള്‍ക്ക് അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരി താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 106-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ സവര്‍ണ അവര്‍ണ ചേരിതിരിവുണ്ടാക്കുകയാണ്. വര്‍ഗീയ കലാപത്തിനുള്ള വഴിതെളിക്കുകയാണ് സംസ്ഥാന ഭരണനേതൃത്വം ചെയ്യുന്നത്. പിന്നാക്കക്കാരെ പ്രീണിപ്പിക്കുകയും മുന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുകയുമാണ്. ജാതീയമായി പോലും ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാടാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

സമുദായം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണമാണ്. ശബരിമലയിലെ യുവതീപ്രവേശനം അതില്‍ പ്രധാനപ്പെട്ടതാണ്. അവയുടെ സംരക്ഷണത്തിനുവേണ്ടി വിശ്വാസികളോടൊപ്പമാണ് എന്‍ എസ്എസ്. നിലകൊള്ളുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ഇടതുമുണിയും വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ശബരിമലവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതി വിധിയ്‌ക്കെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാതെ വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് കൂട്ടത്തില്‍ നിര്‍ത്തി എന്‍എസ്എസിനെയും വിശ്വാസികളെയും പുതപ്പിച്ചു കിടത്തുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ നടപടി സ്വീകരിക്കുവാന്‍ കഴിയില്ലെന്നാണ് അന്ന് കേന്ദ്രം പറഞ്ഞിരുന്നത്. എന്നാല്‍ കോന്നിയില്‍ കേന്ദ്രമന്ത്രി പറഞ്ഞത് സുപ്രിംകോടതി വിധി എതിരാണെങ്കില്‍ ഉടന്‍ നിയമ നിര്‍മ്മാണം നടത്താമെന്നാണ്. ഇത് കബളിപ്പിക്കലാണ്. കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍ എസ് എസിന് രാഷ്ട്രീയമില്ല, സമദൂരമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി, ഈശ്വരവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നീ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്, ഈ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കും. ഇതിനായി സമുദായ അംഗങ്ങള്‍ സമദൂരത്തില്‍നിന്ന് ശരിദൂരം സ്വീകരിക്കുവാന്‍ തയാറാകണം, അത് എങ്ങനെയാകണമെന്ന് സമുദായംഗങ്ങള്‍ക്ക് നല്ലതുപോലെ അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 50 കോടിയുടെ ധനസഹായം രണ്ട് വര്‍ഷമായി തടഞ്ഞുവെച്ചു. ഇവര്‍ക്ക് ദേവസ്വം ബോര്‍ഡിലേക്കുള്ള സംവരണവും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണവും നല്‍കാന്‍ ശ്രമിക്കുന്നില്ല. മന്നം ജയന്തി നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ പെടുന്ന അവധിയാക്കി മാറ്റണമെന്ന നിവേദനം കാരണമില്ലാതെ നിരസിച്ചു. കുമാരപിള്ള കമ്മീഷന്‍ പ്രകാരം എയ്ഡഡ് കോളേജില്‍ മാനേജ്‌മെന്റ് സമുദായ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ആനുകൂല്യം നിഷേധിച്ചതും വിവേചനപരമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com