'പൂതന' തിരിച്ചടിച്ചു; മഞ്ചേശ്വരത്ത്‌ 'വിശ്വാസം' വിനയായി; സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍ 

ഷാനിമോള്‍ക്കെതിരെ കേസെടുത്തത് അനവസരത്തില്‍ - പൂതന പരാമര്‍ശത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് സിപിഎം സെക്രട്ടേറിയറ്റ് 
'പൂതന' തിരിച്ചടിച്ചു; മഞ്ചേശ്വരത്ത്‌ 'വിശ്വാസം' വിനയായി; സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തല്‍ 

തിരുവനന്തപുരം: അരൂരില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം ഉപതെരഞ്ഞടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ഷാനിമോള്‍ ഉസ്മാനെതിരെ റോഡുമായി ബന്ധപ്പെട്ട് കേസെടുത്തത് അനവസരത്തിലായിപ്പോയെന്നും സിപിഎം സെക്രട്ടേറിയറ്റ വിലിയിരുത്തി. ഇതേതുടര്‍ന്ന് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്നും സിപിഎം നേതൃത്വം പറയുന്നു. തോല്‍വിയെ പറ്റി സൂക്ഷ്മമായി ആലപ്പുഴ ജില്ലാ കമ്മറ്റി പരിശോധിക്കും. 

ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉപതെരഞ്ഞടുപ്പ് സംബന്ധിച്ച് പ്രാഥമിക വിലയിരുത്തലുകള്‍ മാത്രമാണ് നടത്തിയത്. മണ്ഡലം, ജില്ലാ കമ്മറ്റികളുടെ വിലയിരുത്തലകളും കണക്കുകളും കിട്ടിയ ശേഷമായിരിക്കും അന്തിമവിശകലനം നടത്തുക. അരൂരിലെ തോല്‍വി വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. എന്താണ് തോല്‍വിക്കിടയാക്കിയതെന്ന് വസ്തുനിഷ്്ഠമായി വിലയിരുത്തണമെന്ന് സെക്രട്ടേറിയറ്റ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കി.

മഞ്ചേശ്വരം തിരിച്ചടിക്ക് കാരണമായത് സ്ഥാനാര്‍ഥിയുടെ വിശ്വാസ ഇടപെടലാണെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് പാര്‍ട്ടിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ നഷ്ടമായി. എറണാകുളത്ത് പെയ്ത കനത്ത മഴയില്‍ പാര്‍്ട്ടി പ്രവര്‍ത്തകരെ പോളിങ് ബൂത്തിലെത്തിക്കാനായില്ലെന്നുമാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. 

തോല്‍വിക്ക് കാരണം പൂതനപരാമര്‍ശം അല്ലെന്നായിരുന്നു സുധാകരന്റെ മറുപടി. തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന ജി സുധാകരന്‍ പറഞ്ഞു. തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല. ഈ പ്രചാരണം കൊണ്ട്ഷാനിമോള്‍ ഉസ്മാന് നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാവാമെന്നും ജി സുധാകരന്‍ പറഞ്ഞു.സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ ഷാനിമോളുടെ ഭൂരിപക്ഷം ഇതുപോരായിരുന്നു. നിരങ്ങിയാണ് ഷാനിമോള്‍ അരൂരില്‍ ജയിച്ചത്. സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. അതിന്റെ കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com