സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ മോഷണമോ?; പഴയ കഥ ഓര്‍മ വരുന്നെന്ന് ചന്ദ്രമതി; സാഹിത്യരംഗത്ത് പുതിയ വിവാദം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുത്തുകാരി ചന്ദ്രമതി എഴുതിയ കാക്ക എന്ന കഥയുടെ പരിഷ്‌കരിച്ച രൂപമാണ് സിങ്കപ്പൂര്‍ എന്ന നിലയിലാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്
സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ മോഷണമോ?; പഴയ കഥ ഓര്‍മ വരുന്നെന്ന് ചന്ദ്രമതി; സാഹിത്യരംഗത്ത് പുതിയ വിവാദം

കൊച്ചി: മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ സിങ്കപ്പൂര്‍ എന്ന കഥ മോഷണമെന്ന് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുത്തുകാരി ചന്ദ്രമതി എഴുതിയ കാക്ക എന്ന കഥയുടെ പരിഷ്‌കരിച്ച രൂപമാണ് സിങ്കപ്പൂര്‍ എന്ന നിലയിലാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രമതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിലും സാഹിത്യലോകത്തും ചര്‍ച്ചയാവുന്നത്.

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെഴുതിയ കാക്ക എന്ന കഥ മാതൃഭൂമിയില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ സിങ്കപ്പൂര്‍ എന്ന കഥ വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നു'- ഇതാണ് ചന്ദ്രമതി ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍. ഇതിന് പിന്നാലെ പോസ്റ്റിന് താഴെ സന്തോഷ് ഏച്ചിക്കാനത്തിന്റെ സിങ്കപ്പൂര്‍ എന്ന കഥ ചന്ദ്രമതി എഴുതിയ കാക്ക എന്ന കഥയുമായി സാമ്യമുണ്ടെന്നും മോഷണമാണെന്നുമുളള തരത്തില്‍ നിരവധി കമന്റുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. കാക്കയെ പറ്റി ചന്ദ്രമതി എഴുതിയ കഥയുടെ പരിഷ്‌കരിച്ച കഥയാണ് സിങ്കപ്പൂരെന്നും ആശയം ഇത് തന്നെയെന്നുമാണ് ഒരു കമന്റിലെ ആരോപണം.ടീച്ചറുടെ കഥ എത്രയോ മനോഹരം, കുറഞ്ഞ പക്ഷം കടപ്പാടെങ്കിലും രേഖപ്പെടുത്താമായിരുന്നു...ഇനി ചന്ദ്രമതി നേരത്തെ ആശയം കൈക്കലാക്കിയതാണോ?..., കാക്ക മനോഹരം...ഇത്തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ യുവകവി എസ് കലേഷിന്റെ കവിത തന്റെ പേരില്‍ എകെപിസിടിഎ മാസികയില്‍ കേരളവര്‍മ്മ കോളജിലെ അധ്യാപിക ദീപ നിശാന്ത് പ്രസിദ്ധീകരിച്ചത് സാഹിത്യരംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. ആദ്യം ആരോപണം നിഷേധിച്ചെങ്കിലും കവിത മോഷണവിവാദത്തില്‍ പിന്നീട് ദീപ നിശാന്ത് കലേഷിനോട് മാപ്പ് പറയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com