പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുത് : ഹൈക്കോടതി

ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കോടതി വിജിലന്‍സിന് അനുമതി നല്‍കി
പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുത് : ഹൈക്കോടതി

കൊച്ചി : പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനു വാക്കാല്‍ നിര്‍ദേശം നല്‍കി. പാലത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന ഹര്‍ജിയിലാണ് കോടതി നടപടി. പെരുമ്പാവൂര്‍ രായമംഗലം സ്വദേശി പി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം പാലം അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചത്. തുടര്‍ന്ന് പാലത്തിന്റെ ഉപരിതലത്തിലെ ടാറിംഗ് അടക്കം കളഞ്ഞ് പുതുക്കിപ്പണിയുകയും ബലപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ലോഡ് ടെസ്റ്റ് നടത്തിയശേഷം വാഹനഗതാഗതത്തിന് തുറന്നു നല്‍കണം. മതിയായ പരിശോധനയില്ലാതെയാണ് പാലം ഉപയോഗയോഗ്യമല്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ അഭിപ്രായപ്പെടുന്നു. 

അതേസമയം പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പാലം പൊളിക്കേണ്ടി വരുമെന്നത് വസ്തുതയാണെന്ന് പറഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ടി.ഒ സൂരജിന് പുറമേ പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.പാലത്തിന്റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സിനോട് കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. 

അതിനിടെ ടി.ഒ.സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കോടതി വിജിലന്‍സിന് അനുമതി നല്‍കി. ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com