യുവനിരയുമായി സിപിഎം; കോട്ട കാക്കാന്‍ പിണറായിയുടെ പുതുതന്ത്രം; അഞ്ചിടത്തും ചെങ്കൊടി പാറുമോ?

യുവനിരയില്‍ കണ്ണും നട്ട് എല്‍ഡിഎഫ് - ഭരണത്തിന്റെ വിലയിരത്താലുകുമെന്ന് സിപിഎം 
യുവനിരയുമായി സിപിഎം; കോട്ട കാക്കാന്‍ പിണറായിയുടെ പുതുതന്ത്രം; അഞ്ചിടത്തും ചെങ്കൊടി പാറുമോ?

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഉണ്ടായ പരാജയം ആവര്‍ത്തിക്കരുതെന്ന് ജില്ലാ ഘടകങ്ങളോട് മുഖ്യമന്ത്രി പിണറായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാവണമെന്നതായിരുന്നു കര്‍ശന നിര്‍ദേശം. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തവണത്തെ ഇടതുസ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥിത്വം. യുവനിരയാണ് പട്ടികയില്‍ തെളിഞ്ഞുനില്‍ക്കുന്നത്.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പുവിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും യുവ നിര. കര്‍ത്തവ്യങ്ങളില്‍ തങ്ങളുടെതായ മികവ് തെളിയിച്ചെന്നതും ഇവരുടെ വിജയത്തിന് സഹായകമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. സ്ഥാനാര്‍ത്ഥികളില്‍ രണ്ട് പേര്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ഭാരവാഹികളാണ്. വട്ടിയൂര്‍കാവില്‍ മേയര്‍ വികെ പ്രശാന്താണ്. എറണാകുളത്ത് ശ്രദ്ധേയനായ അഭിഭാഷകന്‍ മനു റോയ് ആണ് സ്ഥാനാര്‍ത്ഥി. 

എല്‍ഡിഎഫ് ഏറെ പിന്നില്‍ നില്‍ക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മേയര്‍ വി കെ പ്രശാന്തിനെ രംഗത്തിറക്കിയതാണ് ഇതില്‍ ശ്രദ്ധേയമായ നീക്കം. മണ്ഡലത്തിന്റെ സാമുദായികഘടനയും പ്രാദേശിക ഘടകങ്ങളും അവഗണിച്ച സിപിഎം തല്‍കാലം മേയറുടെ വ്യക്തിപ്രഭാവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. 

അടൂര്‍ പ്രകാശ് പതിറ്റാണ്ട് കാലം കൊണ്ടു നടന്ന കോന്നിയിലും ഒരു പുതുമുഖത്തെയാണ് സിപിഎം ഇറക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാറാകും ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. അരൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ മറ്റൊരു വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. മുന്‍ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു അടക്കം സാധ്യതാപട്ടികയിലുണ്ടായിട്ടും മന്ത്രി ജി.സുധാകരന്‍ നല്‍കിയ ഉറച്ച പിന്തുണയാണ് മനുവിന് തുണയായത്. 

എറണാകുളത്ത് ഇടതു സ്വതന്ത്രനെയാണ് സിപിഎം പരീക്ഷിക്കുന്നത്.ലത്തീന്‍ സമുദായംഗമായ യുവ അഭിഭാഷകന്‍ മനു റോയ് സ്വതന്ത്ര ചിഹ്നത്തില്‍ ഇവിടെ മത്സരിക്കും. മഞ്ചേശ്വരത്ത് കന്നഡ മേഖലയില്‍ സ്വാധീനമുള്ള ജയാനന്ദയുടെ പേര് സജീവമായി ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും ഒടുവില്‍ സിപിഎം എത്തിയത് മുന്‍ മഞ്ചേശ്വരം എംഎല്‍എയായ സി എച്ച് കുഞ്ഞമ്പുവിലാണ്.

അഞ്ചില്‍ നാലിടത്തും യുവ നേതാക്കളെ പരീക്ഷിക്കുന്ന സിപിഎം വട്ടിയൂര്‍ക്കാവിലും സിറ്റിംഗ് സീറ്റായ അരൂരിലും സാമുദായിക ഘടനയും അവഗണിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നുള്ള ഗംഭീര തിരിച്ചു വരവ് ലക്ഷ്യമിട്ട് പുത്തന്‍ സമവാക്യങ്ങളുമായി സിപിഎം നടത്തുന്ന പരീക്ഷണം ഫലം കാണുമോ എന്ന് വോട്ടെണ്ണുമ്പോള്‍ അറിയാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com