വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്; യുവ നേതാവിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഎം

ഇന്നു രാവിലെ തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എ വിജയരാഘവനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്തത്
വികെ പ്രശാന്ത്
വികെ പ്രശാന്ത്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം അംഗീകരിക്കുമെന്നാണ് സൂചന.

ഇന്നു രാവിലെ തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എ വിജയരാഘവനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്തത്. മേയര്‍ എന്ന നിലയില്‍ വികെ പ്രശാന്തിന്റെ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന് ഉള്ളത്. പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുക്കാനാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം ഇടതു മുന്നണിക്കു ബാലികേറാമലയായിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയത് പാര്‍ട്ടിയില്‍ വലിയ വിവാദത്തിനു വഴിവച്ചിരുന്നു. വിരലില്‍ എണ്ണാവുന്ന ബൂത്തുകളില്‍ മാത്രമാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് മുന്നിലെത്താനായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതില്‍ കാര്യമായ മാറ്റം വരുത്താന്‍ ഇടതു മുന്നണിക്കായില്ല.

യുവനേതാക്കളില്‍ ജനങ്ങളില്‍ ഏറെ സ്വീകാര്യതയുള്ള പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കുക വഴി കാര്യങ്ങള്‍ മെച്ചപ്പെടുത്താനാവുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനാണ് പ്രശാന്ത് കാഴ്ചവച്ചിട്ടുള്ളത്. തലസ്ഥാനത്തിന് എന്നും തലവേദനയായിരുന്ന മാലിന്യ പ്രശ്‌നം ഒരളവു വരെ പരിഹരിക്കാന്‍ ഇപ്പോഴത്തെ ഭരണസമിതിക്കായി. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ നീക്കമാണ് അതിനു സാഹചര്യമൊരുക്കിയത്. ഇത്തവണ പ്രളയ ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണത്തില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ കൈയടി നേടിയിരുന്നു. പ്രശാന്തിന്റെ നേതൃപാടവത്തിന്റെ തെളിവായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് സിപിഎം വിലിയിരുത്തുന്നു.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് ഭേദഗതി നിര്‍ദേശിക്കാനിടയില്ലെന്നാണ് സൂചനകള്‍. ജില്ലാ തലത്തില്‍ നേരത്തെ ചില പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരാനിടയില്ലന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com