ഇരുമ്പുണ്ടാക്കാന്‍ പഠിച്ചിട്ടില്ല; പരിഹാസവുമായി ജേക്കബ് തോമസ്

വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം ഡിയായി തന്നെ നിയമിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ പരിഹസിച്ച് ജേക്കബ് തോമസ്
ഇരുമ്പുണ്ടാക്കാന്‍ പഠിച്ചിട്ടില്ല; പരിഹാസവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം:വ്യവസായ വകുപ്പിന് കീഴിലെ കേരള സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം ഡിയായി തന്നെ നിയമിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ പരിഹസിച്ച് ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ എന്നതൊക്കെ സര്‍ക്കാരിന്റെ തീരുമാനമാണല്ലോ ?. ഡിജിപി റാങ്കിലുള്ളയാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പകപോക്കലാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വിജിലന്‍സില്‍ ജോലിചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായമന്ത്രി. ചില തസ്തികകളില്‍ നിയമിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ജനം തിരിച്ചറിയുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ദീര്‍ഘനാളായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശാനുസരണമാണ് തീരുമാനം. എന്നാല്‍, ഡിജിപി കേഡര്‍ തസ്തികയില്‍ നിയമനം നല്‍കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി നിയമിക്കാനുള്ള ഉത്തരവില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഒപ്പുവെക്കുകയും ചെയ്തിരുന്നു. 

നിയമനം വൈകിയാല്‍ ജേക്കബ് തോമസ് വീണ്ടും കോടതിയെ സമിപിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നിയമനം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊര്‍ണ്ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com