അമ്മയേയും മകളേയും കൊന്നത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച്; മദ്യപിക്കുന്നതിനിടെ മകളോടുള്ള താല്‍പ്പര്യം വെളിപ്പെടുത്തിയത് വഴിത്തിരിവായി ; യുവാവ് അറസ്റ്റില്‍

സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസില്‍ വഴിത്തിരിവായത്
അമ്മയേയും മകളേയും കൊന്നത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച്; മദ്യപിക്കുന്നതിനിടെ മകളോടുള്ള താല്‍പ്പര്യം വെളിപ്പെടുത്തിയത് വഴിത്തിരിവായി ; യുവാവ് അറസ്റ്റില്‍

കോട്ടയം; കഴിഞ്ഞ വ്യാഴാഴ്ച വീടിനുള്ളില്‍ അമ്മയുടേയും മകളുടേയും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ പ്രദേശവാസിയായ സജിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസില്‍ വഴിത്തിരിവായത്.

സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. അതിനിടെ പൊലീസ് സംശയിക്കുന്നത് അറിഞ്ഞ് സജി വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് അന്വേഷണം അയാളിലേക്ക് എത്തിയത്. സിനിമയുമായി സജിയ്ക്ക് ബന്ധമുണ്ടായിരുന്നു വിവാഹം കഴിക്കണമെന്ന് സജിയോട് സിനി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടിയില്‍ സിനിയുടെയും തങ്കമ്മയുടെയും തലയില്‍ അടിയേറ്റ തരത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയില്‍ ആഴത്തില്‍ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

ആറു വര്‍ഷം മുന്‍പ് തങ്കമ്മയുടെ ഭര്‍ത്താവ് കുട്ടപ്പന്‍ മരിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയില്‍ പ്രധാന റോഡില്‍ നിന്നും 400 മീറ്റര്‍ മുകളിലാണു ഇവര്‍ താമസിക്കുന്ന വീട്. അയല്‍പക്കത്ത് മറ്റു വീടുകള്‍ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികള്‍ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com