കേരളം ലോഡ് ഷെഡ്ഡിങ്ങിലേക്ക്; സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് വന്‍തുകയ്ക്ക്

പുറത്തുനിന്ന് ലഭിക്കുന്ന അധികവൈദ്യുതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ലോഡ് ഷെഡ്ഡിങ്ങിന് വഴിവെക്കുന്നത്
കേരളം ലോഡ് ഷെഡ്ഡിങ്ങിലേക്ക്; സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് വന്‍തുകയ്ക്ക്

കൊച്ചി: ചൂട് കനത്തതിന്റെ ഭാഗമായി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡ് കടക്കുകയാണ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് സൂചന. പുറത്തുനിന്ന് ലഭിക്കുന്ന അധികവൈദ്യുതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ലോഡ് ഷെഡ്ഡിങ്ങിന് വഴിവെക്കുന്നത്. 

ചൂട് കൂടിയതോടെ ഭൂരിഭാഗം പേരും എയര്‍ കണ്ടീഷണറുകളിലേക്ക് മാറി. ഇത് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം കൂടുതല്‍. നിലവില്‍ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാന്‍ കെഎസ്ഇബി സ്വകാര്യ കമ്പനികളില്‍നിന്ന് വന്‍തുകയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. ഇത് എത്രകാലം മുന്നോട്ടുകൊണ്ടുപോകും എന്നതാണ് കെഎസ്ഇബിക്ക് മുന്നിലുള്ള വെല്ലുവിളി. 

ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ അളവ് തലേന്നുതന്നെ ബെംഗളൂരുവിലെ സതേണ്‍ റീജിയണ്‍ ലോഡ് ഡെസ്പാച്ച് സെന്ററില്‍ (എസ്.ആര്‍.എല്‍.ഡി.സി.) അറിയിക്കണം. ഇതിന്റെയടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം ദേശീയ ഗ്രിഡില്‍നിന്ന് വൈദ്യുതി ലഭിക്കുക. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ വൈദ്യുതി വേണ്ടിവന്നാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. ഇത്തരത്തില്‍ തുടര്‍ച്ചയായി ഒന്നരമണിക്കൂര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലഭിക്കാതെയാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ നിയന്ത്രണം മറികടക്കാന്‍ ശ്രമിച്ചാല്‍ ലക്ഷങ്ങള്‍ പിഴ നല്‍കേണ്ടി വരും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലായിടത്തും വൈദ്യുതി ഉപയോഗം കൂടിയതോടെയാണ് നിയന്ത്രണം കര്‍ശനമാക്കിയത്. വൈദ്യുതി ലഭിക്കാതെ വരുന്നതോടെ ലോഡ് ഷെഡ്ഡിങ് വേണ്ടിവരും. പകല്‍ ഇപ്പോഴത്തെ പരമാവധി വൈദ്യുതി ഉപയോഗം 3352 മെഗാവാട്ടും രാത്രി 4311 മെഗാവാട്ടുമാണ്. കഴിഞ്ഞവര്‍ഷം ഇത് പകല്‍ 2800, രാത്രി 4,011 മെഗാവാട്ട് വീതമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com