രാഹുൽ ​ഗാന്ധി ഇന്നെത്തും; പത്രിക സമർപ്പണം നാളെ, റോഡ് ഷോയടക്കമുള്ള പ്രചാരണപരിപാടികൾ 

കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്റ് മുതൽ കലക്ടറേറ്റ് പരിസരം വരെ രണ്ട് കിലോമീറ്റർ റോ‍ഡ് ഷോ നടത്തും
രാഹുൽ ​ഗാന്ധി ഇന്നെത്തും; പത്രിക സമർപ്പണം നാളെ, റോഡ് ഷോയടക്കമുള്ള പ്രചാരണപരിപാടികൾ 

വയനാട്: ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തും. ഇന്ന് രാത്രി കോഴിക്കോട്ടെത്തുന്ന അദ്ദേഹം നാളെ രാവിലെ 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും. രാഹുലിന് ഒപ്പം പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

നാളെ കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്റ് മുതൽ കലക്ടറേറ്റ് പരിസരം വരെ രണ്ട് കിലോമീറ്റർ റോ‍ഡ് ഷോ നടത്തും. റോഡിന് ഇരുവശത്തുമുള്ള പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നീങ്ങും. 

രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശനസുരക്ഷാവ്യവസ്ഥകളാണ് എസ്പിജി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കലക്ടറുടെ ചേബറില്‍ നടന്ന ചർച്ചയിൽ എസ്പിജി സംഘം ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയുമായും സുരക്ഷാസംഘം ചര്‍ച്ചനടത്തി.

രാഹുലിനൊപ്പം നാല് പേര്‍ക്ക് മാത്രമാണ് വരണാധികാരിയുടെ ഓഫീസില്‍ കയറാനാവുക. പത്രികാസമര്‍പ്പണത്തിനുശേഷം മണ്ഡലത്തിലെ നേതാക്കളുമായി  ചര്‍ച്ചയ്ക്കും രാഹുല്‍ സമയം നിശ്ചയിച്ചിട്ടുണ്ട്. നോമിനേഷന്‍ കൊടുത്തതിന് ശേഷം  രാഹുല്‍ സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ വയനാട് മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തും. മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമേ ഇതില്‍ പങ്കെടുക്കാനാകൂ എന്നും പരമാവധി എണ്ണം കുറയ്ക്കണമെന്നും എസ്പിജി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ നിലവിലെ സാഹചര്യങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളും രാഹുല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും. ശേഷം ഒരുമണിയോടെ മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com