മസാല ബോണ്ട് ആര് വാങ്ങി?, ആരാണ് ഇടനിലക്കാര്‍?; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല 

കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്ന് രമേശ് ചെന്നിത്തല
മസാല ബോണ്ട് ആര് വാങ്ങി?, ആരാണ് ഇടനിലക്കാര്‍?; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല 

മലപ്പുറം: കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാലബോണ്ടുമായി എസ്എന്‍സി ലാവ്‌ലിനുളള ബന്ധം വ്യക്തമാക്കണമെന്നും ചെന്നിത്തല മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എവിടെവെച്ചാണ് ഡീല്‍ നടന്നത്?.ആരാണ് ഇതില്‍ പങ്കെടുത്തത്?. ആരാണ് ഇടനിലക്കാര്‍? ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.

സിഡിപിക്യൂവില്‍ ലാവലിന് വലിയ ഓഹരി നിക്ഷേപമുണ്ടെന്നും ഉയര്‍ന്ന പലിശ നല്‍കിയാണ് മസാല ബോണ്ട് സിഡിപിക്യൂ വാങ്ങിയത് എന്നും ചെന്നിത്തല ആരോപിച്ചു. എസ്എന്‍സി ലാവ്‌ലിനുമായി സിഡിപിക്യൂ എന്ന സ്ഥാപനത്തിന് ഒരു ബന്ധവുമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ആദ്യം പറഞ്ഞത്. പിന്നീട് നേരിയ ബന്ധമുണ്ടെന്ന് മാറ്റിപ്പറഞ്ഞു. ഇതോടെ ലാവ്‌ലിനുമായി സിഡിപിക്യൂവിന് ബന്ധമില്ല എന്ന വാദം പൊളിഞ്ഞതായും ചെന്നിത്തല പറഞ്ഞു.

ഇടപാടിന്റെ രേഖകള്‍ ഉടന്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല ഇടപാടുകള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 2024ല്‍ കേരളം വന്‍  തുക തിരികെ നല്‍കേണ്ടി വരുമെന്നും ഇത് നഷ്ടമാണെന്നും ആരോപിച്ച ചെന്നിത്തല കിഫ്ബി ഉടായിപ്പ് പദ്ധതിയാണെന്ന വാദം ആവര്‍ത്തിച്ചു. കുറഞ്ഞ പലിശക്ക് കിട്ടാവുന്ന മറ്റ് സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയില്‍ നിന്ന് വാങ്ങിയ കടത്തേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com