തെരഞ്ഞെടുപ്പ് ചിഹ്നം തെറ്റായി പ്രചരിപ്പിക്കുന്നു, പി.വി.അന്‍വര്‍ പരാതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2019 07:53 AM  |  

Last Updated: 13th April 2019 07:58 AM  |   A+A-   |  

pv-anwar

മലപ്പുറം: പി.വി.അന്‍വറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം തെറ്റായി പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പി.വി.അന്‍വറിന്റെ ചിഹ്നം കത്രികയാണ്. എന്നാല്‍ ഫോട്ടോയ്‌ക്കൊപ്പം കപ്പും സോസറും ഓട്ടോറിക്ഷയുമെല്ലാം ചിഹ്നമാക്കി കാണിച്ച് വ്യാജ പ്രചാരണം നടന്നിരുന്നു. 

സമൂഹമാധ്യമങ്ങളിലൂടെ ദിവസങ്ങളായി തെരഞ്ഞെടുപ്പ് ചിഹ്നം തെറ്റായി കാണിച്ച് പ്രചാരണം നടക്കുന്നതായിട്ടാണ് പരാതി. ഇടതുപക്ഷത്തിന്റെ വിവിധ സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളുടെ പേരില്‍ത്തന്നെയാണ് ഈ പ്രചാരണം. പി.വി.അന്‍വറിന്റെ തെരഞ്ഞെടുപ്പ് ഏജന്റാണ് പരാതി നല്‍കിയത്. 

പി.വി.അന്‍വറിന് പുറമെ, ഇവിടെ രണ്ട് അപരന്മാരും മത്സരിക്കുന്നുണ്ട്. രണ്ട് അന്‍വര്‍ പി.വിമാര്‍ മത്സരിക്കുന്നതില്‍ ഒരാളുടെ ചിഹ്നം കപ്പും സോസറുമാണ്. ഇതാണ് വ്യാജ പ്രചാരണത്തിലേക്ക് എത്തിക്കുന്നത്. ജനാധിപത്യ പ്രക്രീയയെ അട്ടിമറിക്കുവാനുള്ള ഇത്തരം നീക്കങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തെറ്റായ തെരഞ്ഞെടുപ്പ് ചിഹ്നം പ്രചരിപ്പിച്ചുള്ള പോസ്റ്റുകളുടേയും, അക്കൗണ്ടുകളുടേയും വിവരങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.