ചിദാനന്ദപുരി സന്യാസിവേഷം കെട്ടിയ ആര്‍എസ്എസുകാരന്‍  : കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ വന്ന് രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് ബിജെപിക്ക് എതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സന്നദ്ധനല്ല എന്ന സന്ദേശമാണ് നല്‍കുന്നത്
ചിദാനന്ദപുരി സന്യാസിവേഷം കെട്ടിയ ആര്‍എസ്എസുകാരന്‍  : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ചിദാനന്ദപുരി ആര്‍എസ്എസ് വേഷം കെട്ടിയ ആര്‍എസ്എസുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം സന്യാസിയൊന്നുമല്ല.  ആര്‍എസ്എസ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ആപത്കരമാണ്. കേരളത്തില്‍ സന്യാസിമാര്‍ രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങാറില്ല. ശബരിമല കര്‍മസമിതി ആര്‍എസ്എസിന്‍രെ കര്‍മസമിതിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ശബരിമല വിഷയത്തില്‍ ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കുന്നത്. ഈ പ്രശ്‌നത്തില്‍ ഇടതുമുന്നണി എടുത്ത നിലപാട് ശരിയാണ്. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. മഹാരാഷ്ട്രയില്‍ ഒരു ക്ഷേത്രത്തിലും മുസ്ലിം പള്ളിയിലും സമാന വിധിയുണ്ടായപ്പോള്‍ അവിടത്തെ ബിജെപി സര്‍ക്കാര്‍ വിധി നടപ്പാക്കി. അവിടെയൊന്നും ബിജെപിയും മോദിയും അമിത് ഷായും സമരവുമായി പോയില്ല. ഇവിടെ സമരവുമായി വന്നത് മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു. 

എന്നാല്‍ ആ നീക്കം കേരളത്തില്‍ പരാജയപ്പെട്ടു. അതിന്റെ അസഹിഷ്ണുതയാണ് ആര്‍എസ്എസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. ഈ നിലപാട് കേരളത്തില്‍ അംഗീകരിക്കപ്പെടാന്‍ പോകുന്നില്ല. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് ഇടതുസര്‍ക്കാരെന്നും കോടിയേരി പറഞ്ഞു. ശബരിമല വികസനത്തിന് 750 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്രയും തുക നല്‍കുന്നത് ആദ്യമായാണ്. 98 കോടി രൂപ വരുമാനം ഇത്തവണ കുറഞ്ഞു. 100 കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയത്. 

രാഹുല്‍ഗാന്ധി എവിടെ മല്‍സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുന്നത് തെറ്റായ സന്ദേശമല്ലേ എന്ന് ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഇത്തവണ പോരാടുന്നത് ബിജെപിക്ക് എതിരെയല്ല. ഇടതുപക്ഷത്തിന് ശക്തിയുള്ള കേരളത്തില്‍ വന്ന് രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് ബിജെപിക്ക് എതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സന്നദ്ധനല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. 

രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസല്ല ഏറ്റവും വലിയ കക്ഷി. അവിടെ യുഡിഎഫിനകത്തെ ഏറ്റവും വലിയ കക്ഷി മുസ്ലിം ലീഗാണ്. ലീഗിനെ ആശ്രയിച്ച് മല്‍സരിക്കേണ്ട സാഹചര്യമാണ് കോണ്‍ഗ്രസ് പ്രസിഡന്റിനുള്ളത്. ഈ സാഹചര്യം ആര്‍എസ്എസ് ദേശീയ തലത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ്. രാഹുല്‍ഗാന്ധി നോമിനേഷന്‍ കൊടുക്കാന്‍ വന്നപ്പോള്‍ ഘടകകക്ഷിയായ ലീഗും അവിടെയുണ്ടായിരുന്നു. ലീഗിന്‍രെ പതാകയെ ആര്‍എസ്എസ് ദേശീയ തലത്തില്‍ പ്രചരിപ്പിച്ചത് പാകിസ്ഥാന്റെ പതാക എന്നാണ്. ഈ പ്രചാരവേലക്കെതിരെ കോണ്‍ഗ്രസിന്റെ ഒരു ദേശീയ നേതാവും, അവിടെ ഉണ്ടായിരുന്നത് പാക് പതാകയല്ല, മുസ്ലിം ലീഗിന്റെ പതാകയാണെന്ന് പറഞ്ഞില്ലെന്ന് കോടിയേരി ചോദിച്ചു. 

സിപിഎമ്മിന് മുസ്ലിം ലീഗിനോടുള്ള വികാരം മുസ്ലീങ്ങളോടുള്ള വിരോധമാക്കാന്‍ അനുവദിക്കില്ല. ആര്‍എസ്എസ് ഉയര്‍ത്തുന്ന പ്രചാരണത്തിന് മുന്നില്‍ കോണ്‍ഗ്രസ് പകച്ചു നില്‍ക്കുകയാണ്. പാക് പതാകയും ലീഗ് പതാകയും തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍ ആര്‍എസ്എസ് പ്രചാരണത്തെ എതിര്‍ക്കാതെ, ഹിന്ദുത്വ വര്‍ഗീയതക്ക് മുന്നില്‍ കോണ്‍ഗ്രസ് പകച്ചുനില്‍ക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. 

തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കാനെത്തുന്നത് പഴയ ആര്‍എസ്എസുകാരനാണ്. നാന പട്ടോളെ എന്ന ആളെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ പോലും കേട്ടിട്ടില്ല. പട്ടോളെയെപ്പോലും വിറ്റുകാശാക്കുന്ന കോണ്‍ഗ്രസുകാരാണ് തിരുവനന്തപുത്തുള്ളത്. തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ വിജയിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് വോട്ടുകൂടിയത് സ്ഥിരമായി തോല്‍ക്കുന്ന ആളാണെന്ന സഹാനുഭൂതി കൊണ്ട് കൂടിയാണ്. പലരും അദ്ദേഹത്തിന് വോട്ടുചെയ്തു. ബിജെപിക്കാരനാണെങ്കിലും ആര്‍എസ്എസിന്റെ കടുത്ത വിഷമുള്ള ആളല്ലെന്ന പരിവേഷമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍എസ്എസുകാരനാണ്. അതുകൊണ്ടുതന്നെ രാജഗോപാലിന് വോട്ടുകിട്ടിയ സാഹചര്യം അല്ല നിലവിലുള്ളതെന്നും, സി ദിവാകരന്‍ മികച്ച നിലയില്‍ വിജയിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com