കേരളത്തില്‍നിന്നു ബിജെപിക്ക് ഇത്തവണയും സീറ്റു കിട്ടില്ല; 20 മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂല വികാരം: ഉമ്മന്‍ ചാണ്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2019 11:19 AM  |  

Last Updated: 18th April 2019 11:19 AM  |   A+A-   |  

oommen

 

കോട്ടയം:  ബിജെപിക്ക് ഇക്കുറിയും കേരളത്തില്‍നിന്ന് സീറ്റൊന്നും കിട്ടാന്‍പോവുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയം യുഡിഎഫിനാണ് ഗുണം ചെയ്യുകയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂല വികാരമാണുള്ളതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസുമായുള്ള അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ജനിവിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. കഴിഞ്ഞ തവണ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട നരേന്ദ്രമോദിയില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനു പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. അക്രമത്തിന്റെയും നീതിനിഷേധത്തിന്റെയും രാഷ്ട്രീയ സംസ്‌കാരമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം കേരളത്തിലെ സ്ഥിതി യുഡിഎഫിന് അനുകൂലമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ വികാരമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശബരിമല വിഷയം ബിജെപിക്ക് അനുകൂലമായി വരില്ല. അവര്‍ വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള നിലപാടായിരുന്നു ബിജെപിയുടേത് എങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമായിരുന്നു. അതിനു പകരം കുഴപ്പമുണ്ടാക്കി ക്ഷേത്രത്തിന്റെ വിശുദ്ധി തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. 

ശബരിമല വളരെ ലളിതമായി പരിഹരിക്കാമായിരുന്ന പ്രശ്‌നമാണ്. അതിനെ പെരുപ്പിച്ച് വലിയ വിവാദമാക്കി മാറ്റി. സര്‍ക്കാരിന്റെ കടുപിടിത്ത നിലപാടാണ് വിശ്വാസികളെ മുറിവേല്‍പ്പിച്ചത്. ആളുകളെ വേഷം മാറ്റി ശബരിമലയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിശ്വാസത്തെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചിട്ടുള്ളത്. അതിനായി കോടതിയില്‍ സത്യവാങ്മൂലം പുതുക്കിയത് താന്‍ മുഖ്യമന്ത്രിയായിരിക്കെയാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് മൊത്തത്തില്‍ ഗുണം ചെയ്യും. തെക്കേ ഇന്ത്യയില്‍ ഒട്ടാകെ ബിജെപിയെ അകറ്റിനിര്‍ത്താന്‍ അത് ഇടവയ്ക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടതുപക്ഷം പരിഭ്രമിക്കുന്നത് എന്തിനെന്നു മനസിലാവുന്നില്ല. വയനാട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റും ശക്തികേന്ദ്രവുമാണെന്നു മറക്കരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.