വിദ്യാർഥികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ; പട്ടികയിൽ മുഖ്യമന്ത്രിയുടെ ശബരിമല ലേഖനങ്ങളും, വിമര്‍ശനം

ലൈബ്രറി കൗൺസിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായന മത്സരത്തിന്റെ സിലബസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല ലേഖനങ്ങൾ ഉൾപ്പെട്ട പുസ്തകവും
വിദ്യാർഥികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ; പട്ടികയിൽ മുഖ്യമന്ത്രിയുടെ ശബരിമല ലേഖനങ്ങളും, വിമര്‍ശനം

കണ്ണൂർ: ലൈബ്രറി കൗൺസിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായന മത്സരത്തിന്റെ സിലബസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല ലേഖനങ്ങൾ ഉൾപ്പെട്ട പുസ്തകവും. മത്സരത്തിനായി വിദ്യാർഥികൾ വായിച്ചിരിക്കേണ്ട 13 പുസ്തകങ്ങളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയത്. പിണറായി വിജയൻ രചിച്ച ‘നവോത്ഥാനം, ശബരിമല, മതനിരപേക്ഷത’ എന്ന പുസ്തകമാണു പട്ടികയിലുള്ളത്. ഈ പുസ്തകങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണു മത്സരത്തിലുണ്ടാവുക. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നാല് ഘട്ടങ്ങളായാണു മത്സരം. 

ശബരിമല വിഷയത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടുകൾ വ്യക്തമാക്കുന്ന ലേഖനങ്ങളാണു പുസ്തകത്തിലുള്ളത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങൾ, പത്രസമ്മേളനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുത്വത്തിന്റെ സവർണ രാഷ്ട്രീയം എന്ന ലേഖനത്തിൽ ബിജെപിക്കും ആർഎസ്‌എസിനുമെതിരായ രൂക്ഷ വിമർശനങ്ങളാണുള്ളത്. കോൺഗ്രസിന്റെ നിലപാടുകൾക്കെതിരെയും വിമർശനമുണ്ട്. കമ്യൂണിസ്റ്റ് മന്ത്രിസഭകൾ പിന്നോക്ക സമുദായത്തിനു വേണ്ടി ചെയ്ത കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്. 

വനിതാമതിൽ എന്തിനുവേണ്ടിയാണ് നടത്തിയത് എന്നു വ്യക്തമാക്കുന്ന ലേഖനത്തിനൊപ്പം, മതിലുമായി ബന്ധപ്പെട്ടു നിയമസഭയിൽ എംകെ മുനീർ  അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയുമുണ്ട്. കേരള നവോത്ഥാനം, നവകേരള നിർമാണം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങളും പിണറായി വിജയന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ അവതരിപ്പിക്കുന്ന അഭിമുഖവും പുസ്തകത്തിലുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും രാഷ്ട്രീയ വിമർശനങ്ങളും ഉൾപ്പെട്ട പുസ്തകം സ്കൂൾ വിദ്യാർഥികൾക്കുള്ള വായന മത്സരത്തിനു നിർദേശിച്ചതിൽ എതിർപ്പുമായി  അധ്യാപകർ  രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്തമായ കൃതികളാണു മുൻ വർഷങ്ങളിൽ മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ പുസ്തകം രണ്ടാഴ്ച മുൻപ് മാത്രം പ്രകാശനം ചെയ്തതാണ്. 

ടി പത്മനാഭന്റെ നവരസ കഥകൾ, കുമാരനാശന്റെ ചിന്താവിഷ്ടയായ സീത, പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകൾ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവർമയുടെ അപരിഗ്രഹം എന്ന കവിതാ സമാഹാരം അടക്കമുള്ള പുസ്തകങ്ങളാണ് പട്ടികയിൽ. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com