ഒരേസ്ഥലത്ത് ഇനി ഒന്നിനുപുറകായി കെഎസ്ആര്‍ടിസി ഓടില്ല; പുതിയ സമയക്രമം

15 മിനിറ്റില്‍ ഒരു സൂപ്പര്‍ ഫാസ്റ്റും 10 മിനിറ്റില്‍ ഒരു ഫാസ്റ്റും ഒരു മണിക്കൂര്‍ ഇടവിട്ട് എസി ബസും തൃശൂരില്‍നിന്നു പോകുന്ന തരത്തിലാണു പുതിയ ക്രമീകരണം
ഒരേസ്ഥലത്ത് ഇനി ഒന്നിനുപുറകായി കെഎസ്ആര്‍ടിസി ഓടില്ല; പുതിയ സമയക്രമം


തൃശൂര്‍; ഒരേ സ്ഥലത്തേക്ക് ഒന്നിനു പിറകെ ഒന്നായി ബസ് വിടുന്ന പതിവ് കെഎസ്ആര്‍ടിസി അവസാനിപ്പിക്കുന്നു. ഒരേ റൂട്ടിലെ എല്ലാ സര്‍വീസുകളുടെയും സമയം ക്രമീകരിക്കാനാണ് നീക്കം. തൃശൂര്‍– എറണാകുളം– തിരുവനന്തപുരം റൂട്ടില്‍ മേയ് രണ്ടു മുതല്‍ ഇതു പരീക്ഷണാടിസ്ഥാനത്തില്‍  നടപ്പാക്കും. 15 മിനിറ്റില്‍ ഒരു സൂപ്പര്‍ ഫാസ്റ്റും 10 മിനിറ്റില്‍ ഒരു ഫാസ്റ്റും ഒരു മണിക്കൂര്‍ ഇടവിട്ട് എസി ബസും തൃശൂരില്‍നിന്നു പോകുന്ന തരത്തിലാണു പുതിയ ക്രമീകരണം.

നിലവില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന ബസുകള്‍ ആ സര്‍വീസിന്റെ സമയം അനുസരിച്ചാണ് സ്റ്റാന്‍ഡ് വിടുന്നത്. യാത്രക്കാര്‍ ഇല്ലെങ്കിലും ഒരു സ്ഥലത്തേക്കു ഒന്നിലേറെ ബസുകള്‍ ഒരുമിച്ചു പോകുന്ന അവസ്ഥയുണ്ട്. ഈ രീതി സാമ്പത്തിക ലാഭമുണ്ടാകുമെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണു പുതിയ ക്രമീകരണം. ജീവനക്കാര്‍ക്കുതന്നെയാകും ഇതിന്റെ പഠന ചുമതല.

തൃശൂരില്‍ നിന്നു  തെക്കോട്ടുള്ള എല്ലാ സര്‍വീസുകളും ദിവസങ്ങള്‍ക്കുള്ളില്‍ ക്രമീകരിക്കും. ഇതു നിരീക്ഷിക്കാനായി മാത്രം ജീവനക്കാരനെ നിയോഗിക്കും. തല്‍ക്കാലം ഫോണ്‍വഴിയായിരിക്കും നിയന്ത്രണം. ഒരു മാസത്തെ നീരീക്ഷണത്തിനുശേഷം പരീക്ഷണം വിജയിച്ചു എന്നു ബോധ്യപ്പെട്ടാല്‍  സംസ്ഥാനത്ത് മുഴുവന്‍ നടപ്പാക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com