രണ്ടിടത്ത് വിജയം ഉറപ്പ് ; തൃശൂരില്‍ അട്ടിമറി ?; വോട്ട് ഇരട്ടിയാകുമെന്നും ബിജെപി വിലയിരുത്തല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2019 02:08 PM  |  

Last Updated: 30th April 2019 02:08 PM  |   A+A-   |  

 

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പിച്ച് ബിജെപി. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നും പ്രാഥമിക വിലയിരുത്തല്‍. 

ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും പ്രാഥമിക കണക്കെടുപ്പിലാണ് ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് ഉറപ്പിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം ഉറപ്പാണ്. 

തൃശ്ശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും മൂന്ന് ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാലക്കാടും രണ്ടാംസ്ഥാനമാണ് കണക്കുകൂട്ടുന്നത്. വടക്കന്‍ കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ വോട്ട് ഇരട്ടിയായി ഉയരുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നാണ് പാര്‍ലമെന്റ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടി വോട്ടില്‍ കുറവുണ്ടാകില്ല. എന്നാല്‍ ബിജെപി അനുകൂല വോട്ടുകള്‍ പി ജയരാജനെതിരെ ചെയ്യാന്‍ സാധ്യതയുണ്ട്. വോട്ടുമറിക്കല്‍ ആരോപണമുള്ള കോഴിക്കോട് വോട്ടുകൂടുമെന്നാണ് ബിജെപി ജില്ലാകമ്മിറ്റിയുടെ അവകാശവാദം. 

കൊച്ചിയില്‍ നാളെ ചേരുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യും.  കോര്‍കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഭാരവാഹി യോഗം ചേരുക.