'സമരം നടത്തുമ്പോള്‍ ഭരണത്തിലാണെന്ന് മറന്നു' ; രാജുവിനെതിരെ സിപിഐ നേതാക്കള്‍, കാനത്തിന് കത്ത്

യുഡിഎഫിന്റെ കൊടിയ അഴിമതിയെ സഹായിക്കുന്ന നിലപാടാണ് പാലാരിവട്ടം മേൽപ്പാല സമരം ബഹിഷ്‌കരണത്തിലൂടെ ജില്ലാ സെക്രട്ടറി നടത്തിയത്
'സമരം നടത്തുമ്പോള്‍ ഭരണത്തിലാണെന്ന് മറന്നു' ; രാജുവിനെതിരെ സിപിഐ നേതാക്കള്‍, കാനത്തിന് കത്ത്


കൊച്ചി : കൊച്ചിയില്‍ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ എറണാകുളം ജില്ലാ കമ്മിറ്റിയിലും ഭിന്നത. സംഭവത്തില്‍ പി രാജുവിനെ കുറ്റപ്പെടുത്തി പാര്‍ട്ടി ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ചില വസ്തുതകള്‍ അറിയിക്കാനാണ് ഈ കത്തെന്ന് സൂചിപ്പിക്കുന്നു. 

ജൂലൈ 17 നാണ് ജില്ലാ സെക്രട്ടറിയുടെ കാര്‍ തടഞ്ഞ സംഭവം ഉണ്ടാകുന്നത്. അന്ന് രാത്രി തന്നെ പിറ്റേന്ന് പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട സമരത്തില്‍ സിപിഐ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഒരു പാര്‍ട്ടി ഘടകത്തിലും ആലോചിച്ചിട്ടില്ല. സമരത്തില്‍ നിന്നും പാര്‍ട്ടി വിട്ടുനിന്നതില്‍ ദുരൂഹതയുണ്ട്.

യുഡിഎഫിന്റെ കൊടിയ അഴിമതിയെ സഹായിക്കുന്ന നിലപാടാണ് ബഹിഷ്‌കരണത്തിലൂടെ ജില്ലാ സെക്രട്ടറി നടത്തിയത്. കാര്‍ തടഞ്ഞ സംഭവം പാലാരിവട്ടം സമരത്തില്‍ നിന്നും മാറിനില്‍ക്കാന്‍ മതിയായ കാരണല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തണം. 

അതുപോലെ തന്നെ ഡിഐജി ഓഫീസ് മാര്‍ച്ച് നടത്തിയപ്പോള്‍, നമ്മള്‍ ഭരണത്തിന്റെ ഭാഗമാണെന്ന് ജില്ലാ സെക്രട്ടറി ഓര്‍ത്തില്ല. സംഘര്‍ഷമുണ്ടാക്കി ചാനലുകാരുടെ ശ്രദ്ധ നേടാനും ഹീറോ ചമയനുമാണ് രാജു ശ്രമിച്ചത്. സിഐ ഓഫീസിലേക്കോ, ആലുവ റൂറല്‍ എസ്പി ഓഫീസിലേക്കോ ആണ് മാര്‍ച്ച് നടത്തേണ്ടയിിരുന്നത്. അതുപോലെതന്നെ ഉദ്ഘാടനത്തിന് പിന്നാലെ സംഘര്‍ഷം ഉണ്ടാക്കാന്‍ ചില നേതാക്കള്‍ പദ്ധതിയിട്ടിരുന്നതായും കത്തില്‍ സിപിഐ നേതാക്കള്‍ സൂചിപ്പിക്കുന്നു. 

സമരത്തിന്റെ മുന്‍നിരയില്‍ നിന്നും വനിതാ സഖാക്കളോട് മാറി നില്‍ക്കാന്‍ ജില്ലാ സെക്രട്ടറി അടക്കം ചില സഖാക്കള്‍ നിര്‍ദേശിച്ചിരുന്നു. സംഘര്‍ഷം ആസൂത്രണം ചെയ്തത് അറിയാതെ, പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍ദോ എബ്രഹാം എംഎൽഎയ്ക്ക് മര്‍ദനമേറ്റത്. ഡിഐജി ഓഫീസ് മാര്‍ച്ചിന് ശേഷം ഇതുവരെ ജില്ലാ കമ്മിറ്റിയോ ജില്ലാ എക്‌സിക്യൂട്ടീവോ വിളിച്ചു ചേര്‍ത്തിട്ടില്ല, പകരം മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സംയുക്തയോഗം മാത്രമാണ് വിളിച്ചു ചേര്‍ത്തത്. 

യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ആക്ഷേപിച്ച് ചില നേതാക്കള്‍ സംസാരിച്ചു. അത് ചാനലുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. സംസ്ഥാനസെക്രട്ടറിയെ ആക്ഷേപിക്കാന്‍ ബോധപൂര്‍വം വിളിച്ചുചേര്‍ത്ത യോഗമാണെന്ന് സംശയിക്കുന്നതായും നേതാക്കള്‍ കത്തില്‍ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com