ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റും 

പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് നടപടിക്കു തയാറായത്
ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റും 

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യപ്രവര്‍ത്തന്‍ കെഎം ബഷീര്‍ മരിക്കാനിടയായ കേസില്‍ ഐഎഎസ് ഓഫീസറും സര്‍വെ ഡയറക്ടറുമായി ശ്രീരാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെല്ലിലേക്കു മാറ്റും. നിലവില്‍ കിംസ് ആശുപത്രിയില്‍ കഴിയുകയാണ് ശ്രീരാം. മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കിംസ് ആശുപത്രിക്ക് കത്ത് നല്‍കിയിരുന്നു. മ്യൂസിയം പോലീസ് കിംസ് ആശുപത്രിയിലെത്തിയിട്ടുണ്ട്. ഡിസ്ചാര്‍ജ് നടപടികള്‍ ആരംഭിച്ചു. കിംസില്‍ എ സി ഡീലക്‌സ് മുറിയിലാണ് ശ്രീരാം ഇപ്പോള്‍ കഴിയുന്നത്. സുഹൃത്തുക്കളായ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്.

പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് നടപടിക്കു തയാറായത്. ശ്രീരാമിനെ സ്വകാര്യാശുപത്രിയില്‍ നിര്‍ത്തുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബഷീറിന്റെ ബന്ധുക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീരാം സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. റിമാന്‍ഡിലുള്ള ശ്രീറാം അപകടത്തിലേറ്റ നിസാര പരുക്കുകള്‍ പറഞ്ഞാണ് ആശുപത്രിയില്‍ തന്നെ കഴിയുന്നത്.കൈകാലുകള്‍ക്കേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശ്രീരാമിനെതിരായ ആക്ഷേപം ശക്തമായത്.

14 ദിവസത്തേക്കാണ് ശ്രീരാമിനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്. കോടതി റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ സര്‍വീസ് ചട്ടമനുസരിച്ച് പ്രതിക്കെതിരെ 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥനെതിരെ തുടക്കത്തില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് വന്‍ വിവാദമായിരുന്നു. മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് നിയമപരമായ നടപടികളെടുക്കാന്‍ പോലീസ് തയാറായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com