പരീക്ഷാസമയത്ത് ശിവരഞ്ജിത്തിന് വന്നത് 96 എസ്എംഎസ്, പ്രണവിന് 78 ഉം; പൊലീസ് അന്വേഷണത്തിന് പിഎസ്‌സി ശുപാര്‍ശ

രീക്ഷ നടന്ന സമയത്ത് ഇരുവര്‍ക്കും രണ്ടു നമ്പറുകളില്‍ നിന്ന് എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചതായി ആഭ്യന്തര വിജിലന്‍സ് കണ്ടെത്തി
പരീക്ഷാസമയത്ത് ശിവരഞ്ജിത്തിന് വന്നത് 96 എസ്എംഎസ്, പ്രണവിന് 78 ഉം; പൊലീസ് അന്വേഷണത്തിന് പിഎസ്‌സി ശുപാര്‍ശ

തിരുവനനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ ആര്‍ ശിവരഞ്ജിത്തും പി പി പ്രണവും സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കിലെത്തിയത് ക്രമക്കേട് നടത്തിയാണെന്ന് പിഎസ്എസി കണ്ടെത്തല്‍. പരീക്ഷ നടന്ന സമയത്ത് ഇരുവര്‍ക്കും രണ്ടു നമ്പറുകളില്‍ നിന്ന് എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചതായി ആഭ്യന്തര വിജിലന്‍സ് കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് പൊലീസിന് ശുപാര്‍ശ നല്‍കുമെന്ന് പിഎസ് സി ചെയര്‍മാന്‍ അഡ്വ എം കെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 3.15 വരെയാണ് പരീക്ഷ നടന്നത്. ഇതിനിടയില്‍ ശിവരഞ്ജിത്തിന് 96 എസ്എംഎസുകള്‍ വന്നു. പ്രണവിന് 78 എസ്എംഎസുകളും. രണ്ടു നമ്പറില്‍ നിന്നാണ് എസ്എംഎസുകള്‍ വന്നതെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതായി അഡ്വ എം കെ സക്കീര്‍ അറിയിച്ചു. എസ്എംഎസ് അയച്ചത് ഉള്‍പ്പെടെയുളളത് ബാഹ്യമായ കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ പൊലീസ് അന്വേഷണം അനിവാര്യമാണ്. ഇതിനായി ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് ശുപാര്‍ശ ചെയ്യാന്‍ പിഎസ്‌സി തീരുമാനിച്ചതായി സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

2018 ജൂണ്‍ 22ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരം പരിശോധിക്കുമെന്നും പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. ഇക്കാര്യം സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടുവെന്നും എം കെ സക്കീര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയര്‍ക്കൊപ്പം പരീക്ഷയെഴുതിയവരുടെ മൊഴിയെടുത്തുവെന്നും പരീക്ഷ കേന്ദ്രത്തില്‍ ചുമതല ഉണ്ടായിരുന്നവരുടെ മൊഴിയില്‍ ക്രമക്കേട് ഇല്ലായിരുന്നുവെന്നും സക്കീര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com