മദ്യപിച്ചെന്ന് തെളിയിക്കാനായില്ല; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി

കേസ് ഡയറിയും രക്തപരിശോധനാ ഫലവും വിലയിരുത്തിയാണ് വഞ്ചിയൂര്‍ സിജെഎം കോടതി ജാമ്യം അനുവദിച്ചത്
മദ്യപിച്ചെന്ന് തെളിയിക്കാനായില്ല; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനും സര്‍വെ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. കേസ് ഡയറിയും രക്തപരിശോധനാ ഫലവും വിലയിരുത്തിയാണ് വഞ്ചിയൂര്‍ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുവിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. 

രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലം ഹാജരാക്കണമെന്ന്  നിര്‍ദ്ദേശിച്ചിരുന്നു. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല. ഇതും കേസ് ഡയറിയും പരിശോധിച്ച ശേഷമാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. മദ്യപിച്ച അപകടകരമായി വാഹനമോടിച്ചതിന് ദൃക്‌സാക്ഷി മൊഴികളും രഹസ്യമൊഴിയും ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല. ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് മാനേജ്‌മെന്റിന്റെ ഹര്‍ജി കോടതി പരിഗണിച്ചില്ല. ലഹരിമരുന്ന് ഉപയോഗിച്ചോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് ആവശ്യം.

ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതാണ് ഫലം എതിരാകാന്‍ കാരണമായതെന്നാണ് പ്രധാന ആക്ഷേപം. പത്തുമണിക്കൂറിന് ശേഷമാണ് പൊലീസ് രക്തപരിശോധന നടത്തിയത്.  കയ്യില്‍ പരിക്കുണ്ട് എന്ന കാരണം പറഞ്ഞ് ശ്രീറാമിന്റെ വിരലടയാളം എടുക്കാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് വിരലടയാളം നിര്‍ണായക തെളിവാണെന്നിരിക്കെയാണ് പോലീസ് കേസ് അട്ടിമറിക്കാനായി ഈ നീക്കം നടത്തുന്നത്. കാറിന്റെ സ്റ്റിയറിങില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിരലടയാളം ശേഖരിച്ചു കഴിഞ്ഞു. രക്ത പരിശോധന കഴിഞ്ഞാല്‍ ശ്രീറാമിനെതിരായി ഉണ്ടാവേണ്ട നിര്‍ണായക തെളിവാണ് ഈ ഫോറന്‍സിക് ഫലമെന്നിരിക്കെയാണ് പോലീസിന്റെ ഈ നീക്കം. 

അതേസമയം ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ള കോടതി രേഖകളില്‍ ശ്രീറാം തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. അതിനാല്‍ കൈക്ക് പരിക്കുള്ളതിനാല്‍ വിരലടയാളം ശേഖരിക്കാന്‍ കഴിഞ്ഞില്ല എന്ന പോലീസ് വാദം തെറ്റാണെന്ന് വ്യക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com