പത്തുമണിക്കൂര്‍ കഴിഞ്ഞിട്ടാണോ രക്തപരിശോധന?; തെളിവ് നശിപ്പിക്കാനുളള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ല?; എന്തിന് ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണം?: സര്‍ക്കാരിനോട് ഹൈക്കോടതി

പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ലെന്ന് ഹൈക്കോടതി
പത്തുമണിക്കൂര്‍ കഴിഞ്ഞിട്ടാണോ രക്തപരിശോധന?; തെളിവ് നശിപ്പിക്കാനുളള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ല?; എന്തിന് ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണം?: സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ കീഴ്‌കോടതി ശ്രീറാമിന് അനുവദിച്ച ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ശ്രീറാമിന് ജാമ്യം അനുവദിച്ചതിനെതിരെയുളള സര്‍ക്കാരിന്റെ ഹര്‍ജി വെളളിയാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ മറുപടി നല്‍കാന്‍ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ് അയക്കും.

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ച കീഴ്‌കോടതിയുടെ വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ശ്രീറാം അപകടകരമായരീതില്‍ വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ട് നരഹത്യ കുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അങ്ങനെയങ്കില്‍ എന്തുകൊണ്ട് അപകടം നടന്ന ഉടന്‍ തന്നെ ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ല എന്നത് അടക്കമുളള നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്. ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വാഹനം ഓടിച്ചത് താനല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രീറാം ശ്രമിച്ചു. പൊലീസിന്റെ നിര്‍ദേശം അവഗണിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

'രക്തപരിശോധന നടത്തേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്. പത്തുമണിക്കൂര്‍ കഴിഞ്ഞിട്ടാണോ രക്തപരിശോധന. സാധാരണക്കാരന്‍ ആണെങ്കില്‍ ഇത്തരം നടപടികള്‍ തന്നെയാണോ സ്വീകരിക്കാറ്.'- തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ഗവര്‍ണര്‍ ഉള്‍പ്പെടെ പോകുന്ന റോഡില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലേ എന്നും തെളിവ് നശിപ്പിക്കാനുളള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ല എന്നും കോടതി ചോദിച്ചു. ശ്രീറാമിന്് പരിക്കേറ്റിരുന്നു അതുകൊണ്ടാണ് അപ്പോള്‍ തന്നെ രക്തം പരിശോധിക്കാതിരുന്നത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ശ്രീറാം സമ്മതിക്കാതിരുന്നതുകൊണ്ടാണ് രക്തം പരിശോധിക്കാതിരുന്നത് എന്നായിരുന്നു പൊലീസ് മുന്‍പ് പറഞ്ഞിരുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് പൊലീസ് കോടതിയില്‍ സ്വീകരിച്ചത്. ബ്ലഡ് സാമ്പിള്‍ എടുക്കാന്‍ പോലും കഴിയാത്ത വിധമുളള പരിക്കായിരുന്നോ ശ്രീറാമിന്റേത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. 

ശ്രീറാമിന്റെ ജാമ്യം എന്തിന് റദ്ദാക്കണമെന്ന ചോദ്യം കൂടി ഉന്നയിച്ച ഹൈക്കോടതി പ്രതിഭാഗത്തിന്റെ മറുപടിക്കായി കേസ് വെളളിയാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com