മുഖ്യമന്ത്രി കടുത്ത നിലപാടില്‍ ; ശ്രീറാമിന്റെ ജാമ്യത്തിനെതിരെ പൊലീസ് അപ്പീലിന്

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക
മുഖ്യമന്ത്രി കടുത്ത നിലപാടില്‍ ; ശ്രീറാമിന്റെ ജാമ്യത്തിനെതിരെ പൊലീസ് അപ്പീലിന്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക.

കേസില്‍ പൊലീസ് നടപടികള്‍ പരാജയമെന്ന് നിരീക്ഷിച്ചാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യപിച്ചതിനു തെളിവില്ല. എംവി ആക്ട് 185 ചുമത്തിയതും തെളിയിക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് പൊലീസിന്റെ കസ്റ്റഡി അപേക്ഷയും തിരുവനന്തപുരം സിജെഎം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. 

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോടെന്ന പോലെ ശ്രീറാമിനെയും ഇല്ലാതാക്കാൻ രാഷ്ട്രീയ ഗൂഡാലോചനയില്‍ കെട്ടിച്ചമച്ചതാണ് കേസെന്ന് പ്രതിഭാഗം വാദിച്ചു. മദ്യപിച്ചു, അമിതവേഗം എന്നിവയ്ക്കുള്ള തെളിവാണ് കോടതി ആവശ്യപ്പെട്ടത്. രാവിലെ രക്തപരിശോധന ഫലത്തിന്റെ പകര്‍പ്പ് പോലും പ്രോസിക്യൂഷന്‍ കൊണ്ടുവന്നിരുന്നില്ല. സാക്ഷിമൊഴി പകര്‍പ്പു കാണിച്ചെങ്കിലും, മദ്യപിച്ചെന്നു മൊഴിയിലൂടെ എങ്ങിനെ തെളിയിക്കുമെന്നു ചോദിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

കേസ് ഡയറിയ്ക്കൊപ്പം ഹാജരാക്കിയ രക്തപരിശോധനാഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലാത്തതും അമിതവേഗം തെളിയിക്കാന്‍ ഒരു സിസിടിവി ദൃശ്യം പോലും ഹാജരാക്കാതിരുന്നതും തിരിച്ചടിയായി. അപകടം നടന്നശേഷം ശ്രീറാമിന്റെ രക്ത പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന പൊലീസ്, ശക്തമായ സമ്മർദ്ദത്തെ തുടർന്ന് 10 മണിക്കൂറിന് ശേഷമാണ് രക്തസാംപിൾ എടുത്തത്. 

ഇതിനിടെ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മരുന്ന് ശ്രീറാം കഴിച്ചിട്ടുണ്ടാകാമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പൊലീസ് നിർദേശം മറികടന്ന് ശ്രീറാം സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയതും, ഡോക്ടർമാരുടെ സംഘം ശ്രീറാമിന്റെ പരിചരണത്തിന് ഒപ്പമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ‌പിണറായി വിജയനും മറ്റു മന്ത്രിമാരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ആദ്യ അവസരത്തിൽ തന്നെ ശ്രീറാമിനു ജാമ്യം ലഭിച്ചു. ഇതോടെയാണ് കേസിൽ അപ്പീൽ പോകുന്നതിന് മുഖ്യമന്ത്രി തന്നെ നിർദേശം നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com