ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തി; വിരലടയാളം ശേഖരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി രേഖപ്പെടുത്തി
ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തി; വിരലടയാളം ശേഖരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് വിരലടയാളവും ശേഖരിച്ചു. കേസിന്റെ തുടക്കത്തില്‍ വീഴ്ച സംഭവിച്ചതായുളള ആക്ഷേപം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീറാമിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്.

അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാമിന്റെ രക്തപരിശോധന നടത്താതിരുന്നതും വിരലടയാളം ശേഖരിക്കാതിരുന്നതും ഉള്‍പ്പെടെ പൊലീസിന്റെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകള്‍ ഉണ്ടായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേസില്‍ ശ്രീറാമിന് പെട്ടെന്ന് തന്നെ ജാമ്യം ലഭിച്ചത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പൊലീസിനെതിരെ വിമര്‍ശനമായും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ആദ്യമുതല്‍ ആരംഭിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ശ്രീറാമിന്റെ മൊഴിയെടുത്തത്. ശ്രീറാം ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തത്.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ശ്രീറാമിന് പുറമേ വഫ ഫിറോസിന്റെ മൊഴി രേഖപ്പെടുത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശ്രീറാമിനെ ആദ്യം ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കിയും മറ്റും അന്വേഷണം കുറ്റമറ്റതാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. 

അതേസമയം  ശ്രീറാം വെങ്കിട്ടരാമന് മറവിരോഗമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത 'റെട്രോഗേഡ് അംനീഷ്യ' എന്ന അവസ്ഥയാണ് ശ്രീറാം വെങ്കിട്ടരാമന് എന്നാണ് ഡോക്ടര്‍മാര്‍മാരുടെ നിഗമനം.

ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കും എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറവിരോഗം സ്ഥിരീകരിച്ചത്. ഇത് കേസന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com