ഈ ദിവസങ്ങളില്‍ പെയ്തത് അഭൂതപൂര്‍വ്വമായ മഴ; കഴിഞ്ഞ പ്രളയത്തില്‍ നാലിരട്ടി, ഇത്തവണ പത്തിരട്ടി, വെളളിയാഴ്ച 998 ശതമാനം അധികം

ദീര്‍ഘകാല ശരാശരിയില്‍ നിന്ന് പത്തിരട്ടിവരെ കൂടുതല്‍ മഴയാണ് ലഭിച്ചത്
ഈ ദിവസങ്ങളില്‍ പെയ്തത് അഭൂതപൂര്‍വ്വമായ മഴ; കഴിഞ്ഞ പ്രളയത്തില്‍ നാലിരട്ടി, ഇത്തവണ പത്തിരട്ടി, വെളളിയാഴ്ച 998 ശതമാനം അധികം

തിരുവനന്തപുരം: ഇത്തവണ ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അഭൂതപൂര്‍വ്വമായ മഴ. ദീര്‍ഘകാല ശരാശരിയില്‍ നിന്ന് പത്തിരട്ടിവരെ കൂടുതല്‍ മഴയാണ് ലഭിച്ചത്. മഹാപ്രളയമുണ്ടായ കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പലമടങ്ങാണിത്. അന്ന് ഈ മൂന്നുദിവസങ്ങളില്‍ നാലിരട്ടിവരെയാണ് അധികമായി പെയ്തത്.

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് ഒമ്പതിന് രാവിലെവരെയുള്ള 24 മണിക്കൂറിലാണ് കൂടുതല്‍ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റര്‍. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികം. ഈ മാസം എട്ടിന് 378 ശതമാനവും പത്തിന് 538 ശതമാനവും അധികം മഴ പെയ്തു.

2018 ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ കേരളത്തില്‍ പ്രളയമുണ്ടായിരുന്നു. എന്നാല്‍ സാധാരണതോതില്‍നിന്ന് ഏകദേശം നാലിരട്ടിവരെ മാത്രം അധികം മഴയാണ് അന്ന് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് 310, ഒമ്പതിന് 379, പത്തിന് 152 ശതമാനം അധികമഴയാണ് പെയ്തത്.

ദിവസങ്ങളോളം നീണ്ട പേമാരിയായിട്ടും ശനിയാഴ്ചവരെയുള്ള കണക്കനുസരിച്ച് ഈ സീസണില്‍ പെയ്യേണ്ട മഴയില്‍ എട്ടുശതമാനം കുറവുണ്ട്. എന്നാല്‍ 19 ശതമാനംവരെ കുറഞ്ഞാലും സാധാരണതോത് (നോര്‍മല്‍) ആയാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് ആദ്യത്തില്‍ 30 ശതമാനത്തോളം കുറവായിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ടാണ് ഇത് സാധാരണ തോതിലെത്തിയത്.

ഇത്തവണ വേനല്‍മഴ കുറവായിരുന്നു. ജൂണ്‍, ജൂലായ് മാസങ്ങളിലും മഴ കുറഞ്ഞത് പലേടത്തും വരള്‍ച്ചയ്ക്കും കാരണമായി. എന്നിട്ടും പ്രളയദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം അഭൂതപൂര്‍വമായ ഈ മഴയാണ്.

ഒട്ടേറെ ദിവസങ്ങളിലായി പെയ്യേണ്ട മഴ ഏതാനും ദിവസത്തേക്കായി ചുരുങ്ങുകയും വലിയ നാശത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നതിന്റെ സൂചനയാണിത്. കഴിഞ്ഞവര്‍ഷവും ഇതായിരുന്നു സ്ഥിതി. എന്നാല്‍ ഇതൊരു പ്രവണതായായി സ്ഥിരീകരിക്കണമെങ്കില്‍ നീണ്ട വര്‍ഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com