ചിഹ്നം ധരിച്ച് ആരും ക്യാമ്പില്‍ കയറേണ്ട ; ചുമതലയില്ലാത്തവര്‍ പ്രവേശിക്കരുത് ; ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചാരണം നാടിനോടുചെയ്യുന്ന ഹീനകൃത്യം: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഔദ്യോഗിക സംവിധാനമാണ്. അതില്‍ ലഭിക്കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മാത്രമാണ് ഉപയോഗിക്കുക
ചിഹ്നം ധരിച്ച് ആരും ക്യാമ്പില്‍ കയറേണ്ട ; ചുമതലയില്ലാത്തവര്‍ പ്രവേശിക്കരുത് ; ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചാരണം നാടിനോടുചെയ്യുന്ന ഹീനകൃത്യം: മുഖ്യമന്ത്രി

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളില്‍ നിയന്ത്രണം. ഏതെങ്കിലും ചിഹ്നം ധരിച്ച് ആരും ക്യാമ്പില്‍ കയറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു. ക്യാമ്പുകളില്‍ എത്തിപ്പെട്ടവരുടെ തുടര്‍സൗകര്യങ്ങളുടെ കാര്യത്തില്‍ നല്ല ശ്രദ്ധ പതിയേണ്ടതുണ്ട്. സഹായിക്കാന്‍ സന്നദ്ധരായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. 

സഹായസന്നദ്ധതയുമായി മുന്നോട്ടുവരുന്നവര്‍ സാമഗ്രികള്‍ സമാഹരിച്ച് ഏതെങ്കിലും ഒരു ക്യാമ്പില്‍ എത്തിക്കുന്നതിന് പകരം അതത് ജില്ലകളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാല്‍ മതി അവിടെ നിന്നും അത് ആവശ്യമായ സ്ഥലത്തേക്ക് എത്തിക്കേണ്ട ചുമതല, അതിന് ചുമതലപ്പെട്ടവര്‍ നിര്‍വഹിച്ചുകൊള്ളും. ആവശ്യമായ സാമഗ്രികളുടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച കളക്ട് ചെയ്യുന്നതാണ് നല്ലത്. ഇത് അനാവശ്യ സാധനങ്ങള്‍ എത്തുന്നത് ഒഴിവാക്കാനാകും.

സാധനങ്ങള്‍ എത്തിക്കേണ്ടതിന്റെ പ്രധാന ചുമതല കളക്ടര്‍മാര്‍ക്കാണ്. സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കളക്ടര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. പ്രത്യേക ചുമതലയില്ലാത്ത ആരും ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിക്കാന്‍ പാടില്ല. ചുമതലപ്പെട്ടവര്‍ മാത്രമേ കയറാന്‍ പാടുള്ളൂ. സഹായം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ അവരുടെ അടയാളങ്ങളുമായി ക്യാമ്പിലകത്ത് കടക്കാന്‍ പാടില്ല. അനാവശ്യമായ അവസ്ഥ ഉണ്ടാക്കാന്‍ പാടില്ല. ക്യാമ്പിന്റെ ചുമതല റവന്യൂ വകുപ്പിനും കളക്ടര്‍ക്കുമാണ്. 

സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ക്യാമ്പിന്റെ ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിക്കുകയാണ് വേണ്ടത്. ക്യാമ്പിനകത്തുള്ളവരെ കാണാനും സംസാരിക്കാനും ക്യാമ്പിന് പുറത്ത് പ്രത്യേക സൗകര്യം ഒരുക്കേണ്ടതാണ്. പുറത്തു നിന്നുള്ളവരെ ക്യാമ്പിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നത് അഭിലഷണീയമായ കാര്യമല്ല. ഇക്കാര്യം ബന്ധപ്പെട്ട ചുമതലക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങളും, ഊഹോപോഹങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ കൂട്ടായ ഇടപെടല്‍ വേണം. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ ഒരു കൂട്ടര്‍ ദുരിതാശ്വാസ നിധിയിക്കെതിരെ പ്രതാരണവുമായി രംഗത്തുണ്ട്. ഇത് കൂടുതല്‍ മലയാളികള്‍ക്കിടയിലല്ല, കേരളത്തിന് പുറത്ത് വ്യാപകമായി നടത്തുന്നു. സോഷ്യല്‍ മീഡിയയിലും പ്രചാരണം നടക്കുന്നുണ്ട്. 

ഇത് നാടിനോടുചെയ്യുന്ന ഹീനകൃത്യമാണ്. നാടിനോടും ജനങ്ങളോടും സ്‌നേഹമുള്ള ഒരു വ്യക്തി ഇത്തരം കൃത്യത്തിന് മുതിരില്ല. ഇത്തരം നടപടികളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഔദ്യോഗിക സംവിധാനമാണ്. അതില്‍ ലഭിക്കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മാത്രമാണ് ഉപയോഗിക്കുക. പാവങ്ങളില്‍ പാവങ്ങള്‍ക്കുള്ള കൈത്താങ്ങാണിത്. സംഭാവനകള്‍ക്ക് പുറമേ, ബജറ്റ് വിഹിതവും ഉണ്ട്. പ്രളയദുരിതാശ്വാസ നിധി മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിപ്പോകരുത്. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങളുടെ പിന്തുണയും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com