വെള്ളമിറങ്ങുന്നു; മലബാറില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു; തടസ്സമില്ലാത്ത റയില്‍വെ റൂട്ടുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ റോഡ്- റയില്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകുന്നു. ഷൊര്‍ണൂര്‍-പാലക്കാട് റെയില്‍പാത തുറന്നു.
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ റോഡ്- റയില്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകുന്നു. ഷൊര്‍ണൂര്‍-പാലക്കാട് റെയില്‍പാത തുറന്നു. ഞായാറാഴ്ച രാവിലെ 11 മുതലാണ് പാത ഗതാഗതത്തിന് തുറന്നു കൊടുത്തത്. എറണാകുളം-ബെംഗളുരു, ന്യൂഡല്‍ഹി -കേരള, തിരുവനന്തപുരം-ഗുവാഹത്തി എക്‌സ്പ്രസുകള്‍ ഈ പാതവഴി സര്‍വീസ് നടത്തുന്നുണ്ട്.

നേരത്തെ റദ്ദാക്കിയെന്നറിയിച്ചിരുന്ന എറണാകുളം-ബനാസ് വാഡി എക്‌സ്പ്രസ് 4.50ന് പുറപ്പെട്ടു. 2.45ന് പുറപ്പെട്ട ജനശതാബ്ദി ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ചെന്നൈ മെയില്‍ 2.55നും ഷാലിമാര്‍ എക്‌സ്പ്‌സ് 4നും കൊച്ചുവേളി - ബെംഗളൂരു എക്‌സ്പ്രസ് 4.45നും പുറപ്പെട്ടു. 

ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ഗതാഗത നിയന്ത്രണം നീക്കാറായിട്ടില്ല. ഞായറാഴ്ച 26 ദീര്‍ഘദൂര-പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കല്ലായി, ഫറൂഖ് പാലങ്ങളില്‍ റെയില്‍വെ  പരിശോധന നടത്തി. പാലങ്ങള്‍ അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതോടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയില്ല. രാവിലെ ഹൈദരാബാദ്-ശബരി എക്‌സ്പ്രസും മുംബൈ ജയന്തി ജനതയും നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു. കൊച്ചുവേളി പോര്‍ബന്തര്‍, ബെംഗളൂരു ഐലന്‍ഡ്, മുംബൈ നേത്രാവതി എക്‌സ്പ്രസുകള്‍ റദ്ദാക്കി.

വൈകിട്ട് തിരുവന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി, മലബാര്‍, മംഗളുരു എക്‌സ്പ്രസുകളും റദ്ദാക്കി. 12 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയവയില്‍പ്പെടുന്നു. തിരുവനന്തപുരം എറണാകുളം തൃശൂര്‍ പാതയില്‍ സ്‌പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്, എറണാകുളം- ചെന്നൈ, എറണാകുളം-വിശാഖപട്ടണം പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ച സര്‍വീസ് നടത്തും. ഭാഗികമായി റദ്ദാക്കിയിരുന്ന തിരുവനന്തപുരം- കോര്‍ബ, തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നു പുറപ്പെടും. 1072, 9188293595, 9188292595 എന്നീ റെയില്‍വേ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ വിവരങ്ങള്‍ ലഭിക്കും.

മലബാറിലെ കെഎസ്ആര്‍ടിസി സര്‍വീസുകളും പുനഃരാരംഭിച്ചു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പഴയതുപോലെയായി. വെള്ളക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി യൂണിവേഴ്‌സിറ്റി, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ വഴിയാണ് സര്‍വീസ്. താമരശേരി ചുരം വഴിയുള്ള ബത്തേരി- കോഴിക്കോട് കെഎസ്ആര്‍ടിസി സര്‍വീസും പുനഃരാരംഭിച്ചു. മൈസൂരു- കോഴിക്കോട് ദേശീയപാത 766ലെ ഗതാഗതം പുനഃസ്ഥാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com