ഇടുക്കി 40 ശതമാനം, ഇടമലയാര്‍ 47; കനത്തമഴയിലും വന്‍കിട അണക്കെട്ടുകളില്‍ വെളളത്തിന്റെ അളവ് 50 ശതമാനത്തില്‍ താഴെ, ആശ്വാസം

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 40.29 ശതമാനം വെളളം മാത്രമാണുളളത്
ഇടുക്കി 40 ശതമാനം, ഇടമലയാര്‍ 47; കനത്തമഴയിലും വന്‍കിട അണക്കെട്ടുകളില്‍ വെളളത്തിന്റെ അളവ് 50 ശതമാനത്തില്‍ താഴെ, ആശ്വാസം

കൊച്ചി: വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന ആശങ്കകള്‍ക്കിടെ, വന്‍കിട അണക്കെട്ടുകളിലെ ജലനിരപ്പ് ആശ്വാസം നല്‍കുന്നു. ഇടമലയാര്‍, ഇടുക്കി, കക്കി, പമ്പ എന്നി വന്‍കിട ഡാമുകളില്‍ വെളളത്തിന്റെ അളവ് ഇപ്പോഴും സംഭരണശേഷിയുടെ 50 ശതമാനത്തില്‍ താഴെ മാത്രമാണ്.

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 40.29 ശതമാനം വെളളം മാത്രമാണുളളത്. കഴിഞ്ഞ പ്രളയക്കാലത്ത് അണക്കെട്ട് തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് നിറയാന്‍ ദിവസങ്ങളോളം വേണ്ടിവരും. 

2403 അടിയാണ് ഇടുക്കിയിലെ പരമാവധി ജലനിരപ്പ്. നിലവില്‍ 2343 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇടമലയാറില്‍ സംഭരണശേഷിയുടെ 47.45 ശതമാനം വെളളം മാത്രമാണുളളത്. കക്കിയിലും പമ്പയിലും ഇത് യഥാക്രമം 42.16 ശതമാനവും 41.35 ശതമാനവുമാണ്. കഴിഞ്ഞദിവസം 48 ശതമാനം വെളളമുണ്ടായിരുന്നു പമ്പയില്‍.

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍  ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ മുതല്‍ അതീതീവ്ര മഴ വരെ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

നാളെ സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആഗസ്റ്റ് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. 15 ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും, മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com