'എത്ര നാള്‍, എത്ര തവണ നടത്തും നമ്മളിങ്ങനെ ക്യാമ്പുകള്‍?'

നമ്മള്‍ വസിക്കുന്ന ഭൂമിയെത്തന്നെ പരിപാലിക്കാനാവാത്ത നമ്മള്‍ എന്തിനാണാവോ ചന്ദ്രനിലെ വിശേഷങ്ങള്‍ അറിയാന്‍ പാടുപെടുന്നത്
'എത്ര നാള്‍, എത്ര തവണ നടത്തും നമ്മളിങ്ങനെ ക്യാമ്പുകള്‍?'

കൊച്ചി: പ്രളയമെത്തുന്ന നേരത്ത് കളക്ഷന്‍ ക്യാമ്പുകള്‍ ,റിലീഫ് ക്യാമ്പുകള്‍ എന്നിവ സ്‌നേഹപൂര്‍വ്വം നടത്തുകയല്ല ക്യാമ്പ് എന്ന ആവശ്യം ഉയര്‍ന്നു വരാതിരിക്കലാണ് ഇനി വേണ്ടത് എന്ന ബോധമാണ് ഇനി വേണ്ടതെന്ന് എഴുത്തുകാരി പ്രിയ എഎസ്. നമ്മള്‍ വസിക്കുന്ന ഭൂമിയെത്തന്നെ പരിപാലിക്കാനാവാത്ത നമ്മള്‍ എന്തിനാണാവോ ചന്ദ്രനിലെ വിശേഷങ്ങള്‍ അറിയാന്‍ പാടുപെടുന്നത്.നമ്മള്‍ വെറും എസ്‌ക്കേപ്പിസ്റ്റുകളായതുകൊണ്ടാണ് അതിമാനുഷ ചരിതം വിളമ്പുന്ന ലൂസിഫറും കല്‍ക്കിയും കണ്ട് നമ്മള്‍ തീയറ്ററുകള്‍ നിറക്കുന്നത്.അനീതികള്‍ കണ്ടു മനം മടുത്തവര്‍ ,വരില്ലെന്നുറപ്പുള്ള ധീരോ ദോത്ത നായകനെ ബിഗ് സ്‌ക്രീനില്‍ കണ്ട് മനം നിറയ്ക്കുകയാണെന്ന് പ്രിയ എഎസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രളയമെത്തുന്ന നേരത്ത് കളക്ഷന്‍ ക്യാമ്പുകള്‍ ,റിലീഫ് ക്യാമ്പുകള്‍ എന്നിവ സ്‌നേഹപൂര്‍വ്വം നടത്തുകയല്ല ക്യാമ്പ് എന്ന ആവശ്യം ഉയര്‍ന്നു വരാതിരിക്കലാണ് ഇനി വേണ്ടത് എന്ന ബോധമാണ് ഇനി വേണ്ടത്. അതില്ലാത്തിടത്തോളം നമ്മളിങ്ങനെ ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുകയേ നിവൃത്തിയുള്ളു.

പക്ഷേ എത്ര നാള്‍, എത്ര തവണ നടത്തും നമ്മളിങ്ങനെ ക്യാമ്പുകള്‍?

ഒരിടവും സുരക്ഷിതമല്ലാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.പ്രകൃതി മഴക്കാലത്തല്ലാതെയും ക്ഷോഭിക്കാം. ആ ക്ഷോഭം എങ്ങനെ വരുമെന്നാര്‍ക്കറിയാം?

ഇനി അടുത്തത് വെള്ളമില്ലായ്മയാവാം. ഇപ്പോള്‍ നമുക്ക് പൈസ കൊണ്ട് സാധനം വാങ്ങി പരസ്പരം സഹായിക്കാം. പക്ഷേ ഇല്ലാത്ത വെള്ളം ,എന്തുകൊടുത്താലാണ് കിട്ടുക ' എന്നു തലയ്ക്കടിയേറ്റ പോലെ നില്‍ക്കേണ്ടി വരുന്ന കാലം ചെന്നൈയില്‍ നമ്മള്‍ കണ്ടു.

നമുക്ക് പരിഹാരം കാണേണ്ടുന്ന വിപത്തുകള്‍ വരാന്‍ പോകുന്നത് നിരവധി?അനവധി രൂപങ്ങളിലാണ്. നാളെയോ മറ്റന്നാളോ ഒക്കെ ആയി ,പ്രകൃതിയെ മാനിയ്ക്കാത്തതിന്റെ പേരില്‍ നമ്മളൊക്കെയും പെരുവഴിയിലാകും.

ഇനിയല്ലെങ്കില്‍ പിന്നെ എന്നാണ് നമ്മളൊന്നിച്ച് മലയ്ക്കും പുഴയ്ക്കും കാടിനുമായി കൈകോര്‍ക്കുക?

എന്നാണ് മെട്രോ നഗരത്തിലെ വലിയ ആസ്തിയുള്ള, വന്‍പരസ്യ പശ്ചാത്തലമുള്ള തുണിക്കടകളിലെ പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കാന്‍ ഗവണ്മെന്റ് തലത്തില്‍ ആവുക? വഴി മാലിന്യങ്ങള്‍ക്ക് വന്‍ പിഴ ചുമത്താനാവുക? മാലിന്യ സംസ്‌ക്കരണത്തിന് ഒരു സന്തുലിതവഴി കണ്ടെത്തി നടപ്പാക്കാനാവുക?

നമ്മള്‍ വസിക്കുന്ന ഭൂമിയെത്തന്നെ പരിപാലിക്കാനാവാത്ത നമ്മള്‍ എന്തിനാണാവോ ചന്ദ്രനിലെ വിശേഷങ്ങള്‍ അറിയാന്‍ പാടുപെടുന്നത്?

നമ്മള്‍ വെറും എസ്‌ക്കേപ്പിസ്റ്റുകളായതുകൊണ്ടാണ് അതിമാനുഷ ചരിതം വിളമ്പുന്ന ലൂസിഫറും കല്‍ക്കിയും കണ്ട് നമ്മള്‍ തീയറ്ററുകള്‍ നിറക്കുന്നത്.അനീതികള്‍ കണ്ടു മനം മടുത്തവര്‍ ,വരില്ലെന്നുറപ്പുള്ള ധീരോ ദോത്ത നായകനെ ബിഗ് സ്‌ക്രീനില്‍ കണ്ട് മനം നിറയ്ക്കുകയാണ്.

പ്രകൃതിയെ ബലാത്സംഗം ചെയ്ത കേസിലും, ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്ന ചോദ്യവും തെളിവില്ലാതെ തള്ളിക്കളയലും ഉള്ള സാക്ഷികളെ ഇടിച്ചു കൊല്ലലും തന്നെ അവസ്ഥ.

ഇതൊക്കെ എവിടെച്ചെന്നു നില്‍ക്കുമോ എന്തോ?

കുസാറ്റ് കളക്ഷന്‍ ക്യാമ്പില്‍ ആദ്യത്തെ കളക്ഷന്‍ വരള്‍ച്ചയ്ക്കു ശേഷം ഇപ്പോള്‍ കളക്ഷന്‍ പ്രളയമാകുന്നത് കണ്ട് തിരിച്ചു വരുമ്പോള്‍ മനസ്സ് നിറയേണ്ടതാണ് ന്യായമായും. പക്ഷേ എന്തുകൊണ്ടൊക്കെയോ ,അന്യായ രീതിയില്‍ എനിക്കിങ്ങനെ ആധി പെരുക്കുക മാത്രമേ ചെയ്യുന്നുള്ളു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com