ഒരുമയുടെ മഹേന്ദ്രജാലം, സല്യൂട്ട് യൂ, മേയർ ബ്രോ; തിരുവനന്തപുരത്തെ അഭിനന്ദിച്ച് തോമസ് ഐസക്ക്

മഴക്കെടുതിയുടെ ​ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ കൈയ്മെയ് മറന്ന് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്ക്
ഒരുമയുടെ മഹേന്ദ്രജാലം, സല്യൂട്ട് യൂ, മേയർ ബ്രോ; തിരുവനന്തപുരത്തെ അഭിനന്ദിച്ച് തോമസ് ഐസക്ക്

കൊച്ചി: മഴക്കെടുതിയുടെ ​ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ കൈയ്മെയ് മറന്ന് പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ അഭിനന്ദിച്ച് ധന മന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം കോർപറേഷന്റെ കളക്ഷൻ കേന്ദ്രത്തിൽ പോയതിന്റെ അനുഭവം അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കിട്ടു. 

അർധ രാത്രിയിലും അവിടെ തിളയ്ക്കുന്നത് ശുഭാപ്തിയുടെ ഉച്ചവെയിലാണെന്ന് മന്ത്രി പറഞ്ഞു. ആരെയും ആവേശഭരിതരാക്കുന്ന ആരവം. പ്രായവും നിരാശയും മറന്ന് നമ്മളെയും കൂട്ടത്തിലൊരാളാക്കുന്ന ഒരുമയുടെ മഹേന്ദ്രജാലമാണ് അവിടെ കണ്ടതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. 

പോസ്റ്റിന്റെ പൂർണ രൂപം

നന്മയുടെ വെളിച്ചം പ്രത്യാശാനിർഭരമായി പരക്കുമ്പോഴും ദുരന്തങ്ങൾ അവശേഷിപ്പിക്കുന്ന ഒരു വിഷാദഭാവമുണ്ട്. ആലംബഹീനരാക്കപ്പെട്ട മനുഷ്യരുടെ തീരാവേദന അങ്ങനെയൊന്നും നമ്മെ വിട്ടുമാറില്ല. ആ ഒരു മൂഡിലാണ് ഞാൻ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു. നേരെ ചെന്നത് തിരുവനന്തപുരം കോർപറേഷന്റെ കളക്ഷൻ കേന്ദ്രത്തിലേയ്ക്ക്. അർദ്ധരാത്രിയിലും അവിടെ തിളയ്ക്കുന്നത് ശുഭാപ്തിയുടെ ഉച്ചവെയിൽ. ആരെയും ആവേശഭരിതരാക്കുന്ന ആരവം. പ്രായവും നിരാശയും മറന്ന് നമ്മളെയും കൂട്ടത്തിലൊരാളാക്കുന്ന ഒരുമയുടെ മഹേന്ദ്രജാലം.

ആരവം ദൂരെനിന്നേ കേൾക്കാമായിരുന്നു. വിസിലടിയും കൈകൊട്ടും ആർപ്പുവിളിയും. ആദ്യം ഞാനൊന്നു പകച്ചു. ഇതെന്താ ഇങ്ങനെ? ചെന്നു കയറിയപ്പോൾ കണ്ടത് പതിനെട്ടാമത്തെ ലോഡിനെ യാത്രയയയ്ക്കുന്നതിന്റെ ബഹളമാണ്. ലോഡെന്നു പറഞ്ഞാൽ 25 ടൺ കയറുന്ന കൂറ്റൻ വണ്ടി. അത്രയും സാധനം എടുത്തു കയറ്റിക്കെട്ടിയുറപ്പിച്ചതു മുഴുവൻ ഒരു പറ്റം ചെറുപ്പക്കാർ. പണി പഠിച്ചുപോയി. അട്ടിയിടാനും അട്ടി മറിക്കാനും ആരോടും മത്സരിക്കാൻ തയ്യാറെന്ന് ഒരു യുവ എഞ്ചിനീയർ.

കോർപറേഷന്റെ മുന്നിൽ മാത്രമല്ല, താഴത്തെ ഫ്ലോർ മുഴുവൻ പണിയെടുത്തുകൊണ്ടിരിക്കുന്ന അഞ്ഞൂറോളം യുവതീയുവാക്കളാണ്. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, ഇവയെല്ലാം ശേഖരിക്കുന്ന സാമഗ്രികൾക്ക് രസീതുകൊടുത്ത് ഏറ്റു വാങ്ങാൻ ഒരു സെക്ഷൻ. കണക്കു തയ്യാറാക്കാൻ മറ്റൊന്ന്. ഇനിയൊരുകൂട്ടർ തരംതിരിക്കാൻ. മറ്റൊരു കൂട്ടർ വിവിധ ജില്ലകളിൽ നിന്നുള്ള റിക്വസ്റ്റ് അനുസരിച്ച് മുറികളിൽനിന്ന് പെട്ടികൾ എടുത്ത് ലോഡിംഗുകാർക്കു കൊടുക്കുന്നു. അവർ ലോറിയിൽ അട്ടിയിടുന്നു. നേരം വെളുക്കുംമുമ്പ് ബാക്കിയിരിക്കുന്ന സാധനങ്ങൾ മുഴുവൻ വണ്ടികളിലാക്കണം. ഒട്ടേറെപ്പേർ സാമഗ്രികളുമായി വരുമെന്ന് അറിയിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, നാളെ കോർപറേഷൻ പ്രവൃത്തി ദിനമാണ്. അതിനു മുമ്പ് മൊത്തത്തിലൊന്ന് വൃത്തിയാക്കണം. അതുകൊണ്ടാണ് വെപ്രാളം.

1200 പേരാണ് സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ ആയിരവും വിദ്യാർത്ഥികളാണ്. അതിന്റെ പകുതി യൂണിവേഴ്സിറ്റി കോളജിൽനിന്നും. ഡോക്ടർമാർ, എഞ്ചിനീയർമാർ, മാനേജ്മെന്റ്, ഐടി വിദഗ്ധർ എന്നിങ്ങനെ എല്ലാ മേഖലകളിൽനിന്നും ആളുണ്ട്. മരുന്നു തരംതിരിക്കാൻ മെഡിക്കൽ വിദ്യാർത്ഥികൾ. ആ സമയത്തും രണ്ടു ഡസനിലേറെ പെൺകുട്ടികൾ കാമ്പിലുണ്ടായിരുന്നു. ഇത്രയധികം പേരെ എങ്ങനെ ഏകോപിപ്പിക്കുന്നു? അത്ഭുതാദരങ്ങൾക്ക് പാത്രമാകുന്ന സംഘാടന മികവ്.

ഒരു പ്രധാന സംഭാവന ഗ്രീൻ ആർമിയുടേതാണ്. തിരുവനന്തപുരം കോർപറേഷനിലെ ശുചിത്വപരിപാടിയുടെ നെടുനായകത്വം ഇവർക്കാണ്. എല്ലാവരും വിദ്യാർത്ഥികളാണ്. നീണ്ടകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഔഫലമായി അവർക്കൊരു ടീമായി നിൽക്കാൻ കഴിയുന്നു. ഷിബുവും ടി സി രാജേഷും അടക്കമുള്ള ടീമുകളെല്ലാം സന്നിഹിതരായിരുന്നു. അനൂപും നഗരസഭയിലെ ആരോഗ്യപ്രവർത്തകരും മുന്നിലുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബാബുവും ശ്രീകുമാറും എല്ലാറ്റിലുമുപരി ഒരു ക്ഷീണവുമില്ലാതെ പ്രസന്നവദനനായി മേയർ പ്രശാന്തും.

എനിക്കൊരു സംശയവുമില്ല. ഏറ്റവും ചുരുങ്ങിയത് അമ്പതു ലോഡെങ്കിലും ഇവർ കയറ്റിവിടും. സല്യൂട്ട് യൂ, മേയർ ബ്രോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com