നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്

നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഎം റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ട്ടിയും നേതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് നിര്‍ദേശമുള്ളത്. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല. കൊല്‍ക്കത്ത പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പോഷക സംഘടനകളെ കൂടുതല്‍ സജീവമാക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ ധാര്‍ഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. ഗൃഹസന്ദര്‍ശന പരിപാടിയിലടക്കം അത്തരം ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിനാണ് ഞായറാഴ്ച തുടക്കമായത്.  ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്. 
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പാര്‍ട്ടി തലത്തിലെ വീഴ്ചകള്‍കള്‍ക്കുള്ള തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. സംസ്ഥാനമൊട്ടാകെ നടത്തിയ ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തില്‍ അവലോകന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.

ഇത് ജില്ല തിരിച്ച് വിശദമായി ചര്‍ച്ച ചെയ്യും. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. കൂടാതെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും നേതൃയോഗം വിലയിരുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com