ഇല്ല, സുധാകരന് എഴുതാതിരിക്കാനാവില്ല; കുറിപ്പ്

ഇല്ല, സുധാകരന് എഴുതാതിരിക്കാനാവില്ല; കുറിപ്പ്
ഇല്ല, സുധാകരന് എഴുതാതിരിക്കാനാവില്ല; കുറിപ്പ്

ന്ത്രി ജി സുധാകരന്റെ കവിതയെഴുത്തിനെ പരിഹസിച്ച് എഴുത്തുകാരന്‍ ഡോ. ആസാദ്. ഒരു കൈത്തൊഴില്‍ ഏതു മരാമത്തു മന്ത്രിയെയും മഹാനാക്കുമെന്ന് ഡോ. ആസാദ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ദേശീയപാതയെപ്പറ്റി അദ്ദേഹമെഴുതിയ കവിത പാതയുള്ളകാലം മനുഷ്യരോര്‍ക്കുമെന്നും കുറിപ്പിലുണ്ട്. 

ഡോ. ആസാദിന്റെ കുറിപ്പ്: 

ജി സുധാകരന്‍ കവിതകൊണ്ടു നടത്തുന്ന അക്രമം അസഹനീയമാണ്. എങ്കിലും മറ്റു പലതും സഹിക്കാനുള്ള ത്രാണി അതു തരുന്നുണ്ട്. കവി അകവിതയെന്ന കൗശലം പ്രയോഗിക്കുകയാവാം. അതത്ര പരിചിതമോ ലളിതമോ അല്ലാത്തതിനാല്‍ എനിക്ക് അസഹ്യമായി തോന്നുന്നതാവണം.

രാമായണം മുതല്‍ സകല കാവ്യങ്ങളും വായിച്ച കാവ്യാനുശീലനം സുധാകരന്റെ സമ്പത്താണ്. അതിനാല്‍ എഴുതുന്നതത്രയും കഥയില്ലായ്മയാണ് എന്നു പറഞ്ഞുകൂടാ. വളരെ ആലോചിച്ചുറച്ച് എഴുതുന്ന കാവ്യങ്ങളാണ്. ലളിതപദാവലികള്‍ ആയതുകൊണ്ട് ഒരു ഗൗരവം പോരായെന്ന് നമുക്കു തോന്നുന്നതാവാനേ തരമുള്ളു.

പ്രസാധകര്‍ മറ്റൊരു കവിയെയും ഇങ്ങനെ കാത്തു നിന്നിട്ടില്ല. വായനക്കാര്‍ മറ്റൊരു കവിയെയും ഇങ്ങനെ പ്രോത്സാഹിപ്പിച്ചിട്ടുമില്ല. സര്‍വ്വകലാശാലാ പാഠപുസ്തക കമ്മറ്റികള്‍ ഈ കവിത കാണണം. ഒരു രാഷ്ട്രീയക്കാരന്റെ കപട ഗൗരവമൊന്നും തീണ്ടാത്ത കവിതകളാണ്. അകത്തിണര്‍പ്പുകള്‍ പൊള്ളി വിയര്‍ക്കുന്ന ലവണകാവ്യങ്ങളാണവ.

തെറ്റുതിരുത്തല്‍ കാമ്പെയിന്‍ തുടങ്ങിയാല്‍ മേല്‍കമ്മറ്റികള്‍ ചാടിവീണു നിര്‍ത്തിച്ചു കളയുമോ എന്നു ചിലരൊക്കെ ആശങ്കപ്പെടുന്നതു കണ്ടു. ഇല്ല. സുധാകരന് എഴുതാതിരിക്കാനാവില്ല. അകം കളങ്കമേതുമില്ലാതെ തുറന്നു കിടക്കുന്നത് പലര്‍ക്കും പ്രയാസമുണ്ടാക്കുകയാവാം. പക്ഷെ, അതിനു വെളിപ്പെട്ടേ പറ്റൂ. കാവ്യസുധാകരം എന്ന മഹാകാവ്യം ഉറവപൊട്ടി ഒഴുകിത്തുടങ്ങിയിട്ടുണ്ടാം.

പഴയൊരു കമ്യൂണിസ്റ്റു നേതാവ് തൃപ്പൂണിത്തുറ ഭാഗത്തേതോ വായനശാലയില്‍ ചങ്ങമ്പുഴ കവിതയെഴുത്തു നിര്‍ത്തണമെന്നു പ്രമേയം കൊണ്ടുവന്നതായി കേട്ടിട്ടുണ്ട്. പിന്നീട് ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കാത്തതിനേക്കാള്‍ മോശമായി പാര്‍ട്ടിക്കത് തോന്നിയിട്ടുമുണ്ട്. അതിനാല്‍ സുധാകരന്‍ കവിതയെഴുത്തു തുടരണമെന്ന പ്രമേയത്തിനേ ഇനി സാധ്യതയുള്ളു.

കവിത പണം കൊണ്ടുവരുമെന്ന് മുമ്പെപ്പോഴോ കവി പറഞ്ഞു കേട്ടിട്ടുണ്ട്. ആ സൗഭാഗ്യമിനി കളയരുത്. ഒരു കൈത്തൊഴില്‍ ഏതു മരാമത്തു മന്ത്രിയെയും മഹാനാക്കും. ദേശീയപാതയെപ്പറ്റി അദ്ദേഹമെഴുതിയ കവിത പാതയുള്ളകാലം മനുഷ്യരോര്‍ക്കും. എനിക്കുറങ്ങണം എന്ന കവിത സാമൂഹിക മാധ്യമങ്ങളിലാണ് വായിച്ചത്. അതിവിടെ ഷെയര്‍ ചെയ്യുന്നു. മലയാള കവിതയും കേരളീയ കാവ്യാസ്വാദനവും എവിടെ എത്തിനില്‍ക്കുന്നു എന്ന് ഈ കവിത പറയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com