ഒരു മൃതദേഹത്തിന് രണ്ട് അവകാശികള്‍, സംസ്‌കാരം തടഞ്ഞു; പുത്തുമലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത്?; ഇനി ഡിഎന്‍എ പരിശോധന 

ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നതിനെ ചൊല്ലി തര്‍ക്കം
ഒരു മൃതദേഹത്തിന് രണ്ട് അവകാശികള്‍, സംസ്‌കാരം തടഞ്ഞു; പുത്തുമലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത്?; ഇനി ഡിഎന്‍എ പരിശോധന 

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നതിനെ ചൊല്ലി തര്‍ക്കം. ഇതോടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ രാത്രി എട്ടുമണിയോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഡിഎന്‍എ പരിശോധനയ്ക്കു നിര്‍ദേശം നല്‍കി. 

ഇന്നലെ കണ്ടെത്തിയ മൃതദേഹം പുത്തുമലയില്‍നിന്നു കാണാതായ അണ്ണയ്യയുടേതാണെന്ന് മകന്‍ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് മേപ്പാടി പത്താംമൈല്‍ ഹിന്ദു ശ്മശാനത്തില്‍ രാത്രി സംസ്‌കാരചടങ്ങുകള്‍ തുടങ്ങി. ഇതിനിടെ ഈ മൃതദേഹം കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റേതാണെന്ന് അവകാശപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. ഇതോടെയാണു ചടങ്ങുകള്‍ നിര്‍ത്തിവെപ്പിച്ചത്. ഗൗരീശങ്കറിന്റെ സഹോദരങ്ങള്‍ നേരത്തെ മൃതദേഹം പരിശോധിച്ചിരുന്നു. അപ്പോള്‍ സംശയമുന്നയിച്ചിരുന്നില്ല. 

മൃതദേഹത്തിന്റെ അരയില്‍ ചരടു കണ്ടെത്തിയതോടെയാണ്  അവരുടെ സംശയം ബലപ്പെട്ടത്.  സംസ്‌കാരച്ചടങ്ങുകള്‍ നിര്‍ത്തിയശേഷം മൃതദേഹം മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിഎന്‍എ പരിശോധനയ്ക്കായി ഗൗരീശങ്കറിന്റെ സഹോദരന്റെ രക്ത സാമ്പിള്‍ ഇന്നലെത്തന്നെ ശേഖരിച്ചു.ഇന്ന് അണ്ണയ്യന്റെ കുടുംബാംഗങ്ങളുടെ രക്ത സാമ്പിളും എടുക്കും.ഇവ പരിശോധിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മൃതദേഹം ആരുടേതാണെന്ന് അറിയാന്‍ സാധിക്കുമെന്ന് സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com