കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്ന് കേരളം ; പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും

മോറട്ടോറിയം കാലാവധി ഒരു സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്
കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്ന് കേരളം ; പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും


തിരുവനന്തപുരം : കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ബാങ്കുകള്‍ സമ്മതിച്ച സമയപരിധിയില്‍ ഇളവുതേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും പ്രളയക്കെടുതിയുണ്ടായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ആവശ്യം.

മോറട്ടോറിയം കാലാവധി ഒരു സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കാര്‍ഷിക, കാര്‍ഷികേതര കടങ്ങള്‍ പുനഃക്രമീകരിക്കണം. സഹകരണ മേഖലയിലെ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിലെ ബന്ധപ്പെട്ട മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. നബാര്‍ഡ് വഴി ആയിരം കോടി രൂപയുടെ വായ്പ വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മോറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചിരുന്നു. അതുവരെ ജപ്തി നടപടികല്‍ മരവിപ്പിക്കും. കൃഷി അനുബന്ധമായ എല്ലാ വായ്പകള്‍ക്കും മോറട്ടോറിയം തുടരുമെന്നും തീരുമാനിച്ചിരുന്നു. 

സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ആഗസ്റ്റ് 8 മുതലുള്ള  കനത്ത മഴയില്‍ വടക്കന്‍ കേരളത്തിലടക്കം വന്‍ കെടുതിയാണ് ഉണ്ടായത്. വയനാട്ടിലും മലപ്പുറത്തും അടക്കം സംസ്ഥാനത്ത് 80 ലേറെ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 121 പേര്‍ മരിച്ചതായും 21 പേരെ കാണാതായതായുമാണ് ഔദ്യോഗിക കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com