അവസാന ഗഡു പിരിച്ചത് ഈ ജൂലൈയില്‍; പിന്നെ എവിടെയാണ് വൈകിയത്? കെഎസ്ഇബി അധികൃതര്‍ ചോദിക്കുന്നു

തുക കൈമാറാന്‍ ബോര്‍ഡ് തീരുമാനമെടുത്തതു രണ്ടാം ദിവസമാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്‌
അവസാന ഗഡു പിരിച്ചത് ഈ ജൂലൈയില്‍; പിന്നെ എവിടെയാണ് വൈകിയത്? കെഎസ്ഇബി അധികൃതര്‍ ചോദിക്കുന്നു

തിരുവനന്തപുരം: കേരള പുനര്‍ നിര്‍മാണത്തിനായി ജീവനക്കാര്‍ സാലറി ചലഞ്ച് വഴി നല്‍കിയ തുകയുടെ അവസാന ഗഡു ഇക്കഴിഞ്ഞ ജൂലൈയില്‍ മാത്രമാണ് പിരിച്ചെടുത്തതെന്നും പിന്നെ എങ്ങനെയാണ് പണം കൈമാറാന്‍ വൈകിയെന്നു പറയാനാവുകയെന്നും കെഎസ്ഇബി അധികൃതര്‍. തുക കൈമാറാന്‍ ബോര്‍ഡ് തീരുമാനമെടുത്തതു രണ്ടാം ദിവസമാണ് ഇതുസംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടതെന്നും അവര്‍ പറയുന്നു.

കേരള പുനര്‍ നിര്‍മാണത്തിനായി ജീവനക്കാരില്‍നിന്നു സാലറി ചലഞ്ച് വഴി പിരിച്ചെടുത്ത തുക കെഎസ്ഇബി വകമാറ്റി ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതു വസ്തുതാവിരുദ്ധമാണെന്നാണ് ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പത്ത് തുല്യ ഗഡുക്കളായാണ് ജീവനക്കാരില്‍നിന്നു തുക പിടിച്ചത്. ഇതിന്റെ അവസാന ഗഡു ഈ ജൂലൈയിലാണ് പിരിച്ചെടുത്തത്. രണ്ടു ദിവസം മുമ്പു ചേര്‍ന്ന ബോര്‍ഡ് യോഗം തുക കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തുക വകമാറ്റിയെന്ന വിവാദമുണ്ടായതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 

ഒറ്റ ഘട്ടമായി തുക കൈമാറിയാല്‍ മതിയെന്ന്ു ബോര്‍ഡ് നേരത്തെ തീരുമാനിച്ചതാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള വ്യക്തമാക്കി. ഇതു മറന്നുകൊണ്ടാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത്. പ്രളയമുണ്ടായതിനു പിന്നാലെ തന്നെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിരുന്നു. ഇതില്‍ 35 കോടി ബോര്‍ഡിന്റെ ഫണ്ടാണ്. ഒരു കോടി പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റേതും ശേഷിച്ച തുക ജീവനക്കാരില്‍നിന്നു പിരിച്ചതുമാണ്. സാലറി ചലഞ്ചിലൂടെ പിരിക്കുന്ന തുക ഒറ്റ ഗഡുവായി കൈമാറാമെന്നായിരുന്നു തീരുമാനം- എന്‍എസ് പിള്ള പറഞ്ഞു.

കഴിഞ്ഞ പ്രളയത്തിലും ഇപ്പോഴത്തെ വെള്ളപ്പൊക്ക കെടുതിയിലും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം നിന്ന് കെഎസ്ഇബി ജീവനക്കാര്‍ ചെയ്ത സേവനം മറന്നുകൊണ്ടാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വിവാദത്തില്‍ ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണത്തില്‍ കൂടുതല്‍ പറയേണ്ടതില്ലെന്നാണ് മന്ത്രി എംഎം മണിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com