കേന്ദ്രം പ്രഖ്യാപിച്ചത് കഴിഞ്ഞവര്‍ഷത്തെ സഹായം ; കേട്ടപടി പ്രതിഷേധം ; അമളി, ട്വീറ്റ് മുക്കി

പ്രകൃതി ക്ഷോഭമുണ്ടായ ഒഡീഷ, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് 4433 കോടിരൂപയുടെ സഹായധനം അനുവദിക്കാനാണ് കേന്ദ്രം തീരുമാനിച്ചത് 
കേന്ദ്രം പ്രഖ്യാപിച്ചത് കഴിഞ്ഞവര്‍ഷത്തെ സഹായം ; കേട്ടപടി പ്രതിഷേധം ; അമളി, ട്വീറ്റ് മുക്കി

ന്യൂഡല്‍ഹി : പ്രകൃതി ക്ഷോഭമുണ്ടായ ഒഡീഷ, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ധനസഹായം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് തൊട്ടുപിന്നാലെ, രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. പ്രളയമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും 4433 കോടി രൂപ ആഭ്യന്തരമന്ത്രാലയം അനുവദിച്ചു. കേരളത്തിന്റെ വിഹിതം പൂജ്യം. എന്നായിരുന്നു തോമസ് ഐസക്കിന്റെ ട്വീറ്റ്.

തോമസ് ഐസക്കിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവും കൊണ്ടുപിടിച്ച ചര്‍ച്ചകളുമാണ് ഉണ്ടായത്. സംഘപരിവാര്‍ വിരുദ്ധ ഗ്രൂപ്പുകളിലെല്ലാം ഇത് വന്‍ ചര്‍ച്ചയായി. ഇതിനിടെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായ പ്രകൃതിക്ഷോഭത്തിനുള്ള സഹായധനമാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക് മനസ്സിലാക്കി. അമളി മനസ്സിലാക്കിയ തോമസ് ഐസക്ക് ട്വീറ്റ് പിന്‍വലിച്ചെങ്കിലും സൈബര്‍ ഗ്രൂപ്പുകളിലടക്കം രോഷം തിളച്ചുപൊന്തിക്കൊണ്ടിരുന്നു. 

പ്രകൃതി ക്ഷോഭമുണ്ടായ ഒഡീഷ, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് 4433 കോടിരൂപയുടെ സഹായധനം അനുവദിക്കാനാണ്   കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തീരുമാനമെടുത്തത്. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ഫാനി ചുഴലിക്കാറ്റിലുണ്ടായ കെടുതിയിലെ നാശനഷ്ടങ്ങള്‍ പരിഗണിച്ചാണ് ഒഡീഷയ്ക്ക് 3338.22 കോടി രൂപ അനുവദിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച പരിഗണിച്ച് കര്‍ണാടകയ്ക്ക് 1029.39 കോടിരൂപയും, കൊടുങ്കാറ്റും മഞ്ഞിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിഗണിച്ച് ഹിമാചല്‍ പ്രദേശിന് 64.49 കോടി രൂപയും നല്‍കാന്‍ തീരുമാനിച്ചത്. 

ഇത്തവണ പ്രളയക്കെടുതിയുണ്ടായ കേരളം, കര്‍ണാടക, മഹാരാഷ്ട്ര. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ത്രിപുര, മേഖാലയ, അസം, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നാഷനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കാനും ഉന്നതതല സമിതി യോഗത്തില്‍ തീരുമാനിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com