തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ പ്രതികരിക്കാതെ ബിജെപി; കേന്ദ്ര ഇടപെടല്‍ തേടി പിണറായി

തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ പ്രതികരിക്കാതെ ബിജെപി; കേന്ദ്ര ഇടപെടല്‍ തേടി പിണറായി
തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ പ്രതികരിക്കാതെ ബിജെപി; കേന്ദ്ര ഇടപെടല്‍ തേടി പിണറായി

തിരുവനന്തപുരം: എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്കു കേസില്‍ അറസ്റ്റിലായതില്‍ പ്രതികരിക്കാതെ ബിജെപി നേതാക്കള്‍. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ബിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. 

തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെല്‍ അഭ്യര്‍ച്ച സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ബിജെപി നേതാക്കളുടെ പ്രതികരണം ആരാഞ്ഞത്. എന്നാല്‍ വ്യക്തമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു നേതാക്കള്‍. പിണറായി  കേന്ദ്ര വിദേശകാര്യമന്ത്രിക്കു കത്തയച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതില്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും പ്രധാന സഖ്യകക്ഷിയാണ് ബിഡിജെഎസ്. തുഷാറിനായി കേന്ദ്ര വിദേശകാര്യമന്ത്രി സഹമന്ത്രി വി മുരളീധരന്‍ ഇടപെടുമോയെന്ന കാര്യത്തിലും ബിജെപി നേതാക്കള്‍ വ്യക്തത വരുത്തിയില്ല.

തുഷാറിന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചിരിക്കുന്നത്. 
തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ക്ക് അയച്ച കത്തില്‍ പിണറായി അഭ്യര്‍ഥിച്ചു. തുഷാറിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച മുഖ്യമന്ത്രി വ്യക്തിപരമായ നിലയിലും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെയാണ് യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്.അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.

ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്റെ സഹായവും തുഷാറിന്റെ കുടുംബം തേടിയതായി റിപ്പോര്‍ട്ടുണ്ട്.

വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് പിതാവും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇത്. കേസ് നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.തുഷാറിന് ഇന്നു തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com