വീടുകളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ല ; പണം തരാത്തവരെ അപമാനിക്കുകയോ വെറുപ്പിക്കുകയോ ചെയ്യരുതെന്ന് സിപിഎം സംഘടനാരേഖ

പണപ്പിരിവിനായി വീട്ടിലെത്തുന്ന നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാരോട് വിനയത്തോടെ പെരുമാറണം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : വീടുകളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് സിപിഎം സംഘടനാ രേഖയില്‍ നിര്‍ദേശം. പണപ്പിരിവിന് ഭീഷണി പാടില്ല. നിര്‍ബന്ധ പിരിവ് പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നു. പിരിവ് തരാത്ത വീട്ടുകാരെ വെറുപ്പിക്കരുത്. അവരെ അപമാനിക്കുകയോ, രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുതെന്നും സംസ്ഥാന സമിതി യോഗത്തില്‍ തെറ്റുതിരുത്തല്‍ രേഖയുടെ ചര്‍ച്ചയ്ക്കിടെ നിര്‍ദേശം ഉയര്‍ന്നത്. 

പണപ്പിരിവിനായി വീട്ടിലെത്തുന്ന നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാരോട് വിനയത്തോടെ പെരുമാറണം. ഏതെങ്കിലും സാഹചര്യത്തില്‍ പിരിവ് തരാതിരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യുന്ന വീട്ടുകാരോട് തട്ടിക്കയറുന്ന പ്രവണത പാര്‍ട്ടിയില്‍ കൂടിവരികയാണ്. ഇത് പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ ക്ഷീണമുണ്ടാക്കുന്നു. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ സിപിഎം പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം ഉണ്ടാകണം. 

രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്ന സന്ദര്‍ഭങ്ങളില്‍ ശാന്തമായി ആശയ പ്രചാരണം നടത്താനുള്ള വേദിയാക്കി മാറ്റണം. നേതാക്കളുടെ പെരുമാറ്റം മാറേണ്ടത് കീഴ് ഘടകങ്ങളില്‍ മാത്രമല്ല, മേല്‍ത്തട്ടിലും വേണമെന്നും വിമര്‍ശനം ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ കീഴ് ഘടകങ്ങളുടെ മേല്‍ ചാരിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പരാജയത്തിന് സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്. മേല്‍ത്തട്ടിലാണ് തിരുത്തല്‍ വേണ്ടതെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 

പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശിക്കുന്നവരെ ഒതുക്കുന്ന പ്രവണത പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ആക്ഷേപം ഉയര്‍ന്നു. വിമര്‍ശനം ഉന്നയിക്കുന്നവരോട് ശത്രുതാ സമീപനം കൈക്കൊള്ളുന്നത് മാറിയാലേ പാര്‍ട്ടിക്കകത്ത് ഉള്‍പ്പാര്‍ട്ടി ജനാധിപ്യം സാധ്യമാകൂ. ഉള്‍പ്പാര്‍ട്ടി ചര്‍ച്ച നടന്നാല്‍ മാത്രമേ തെറ്റുതിരുത്തി ജനങ്ങള്‍ക്കിടയിലേക്ക് പോകാനാകൂ എന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 

നേതാക്കളിലും അണികളിലും സുഖിമാന്മാര്‍ വര്‍ധിച്ചുവരികയാണെന്ന് സിപിഎം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഘടനാകാര്യങ്ങളില്‍ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്നും രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികള്‍ സഖാക്കള്‍ മനസിലാക്കണമെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കളുടെ പ്രവര്‍ത്തന പ്രസംഗ ശൈലികള്‍ മാറ്റണം. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെ നേതാക്കള്‍ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാര്‍ട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയില്‍ നിര്‍ദേശമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com