ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ, കാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, അറസ്റ്റിന് സാധ്യത

സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ, കാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ഡ്രൈവര്‍ അര്‍ജുനെ അറസ്റ്റ് ചെയ്‌തേക്കും. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചതായാണ് വിവരം. ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടസമത്ത് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് സ്ഥിരീകരിച്ചു കൊണ്ടുളള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്.

സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, വാഹനമോടിച്ചത് താനല്ലെന്ന് അര്‍ജുന്‍ മൊഴി മാറ്റിയതിന്റെ ഉത്തരം കൈംബ്രാഞ്ചിന് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. കേസിലെ ദുരൂഹതകളും മാറും.

അപകടത്തില്‍ അര്‍ജുന് സംഭവിച്ച പരിക്ക് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുമ്പോള്‍ പറ്റിയതാകാമെന്നാണ് ഫോറന്‍സിക് വകുപ്പിന്റെ കണ്ടെത്തല്‍. അപകടസമയത്ത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മകളുമായിരുന്നു മുന്‍സീറ്റിലിരുന്നത്. സീറ്റ് ബെല്‍റ്റിട്ടിരുന്നത് ലക്ഷ്മി മാത്രമാണെന്നും പരിശോധനയില്‍ തെളിഞ്ഞു.

അതേസമയം അപകട സമയത്ത് കാര്‍ അമിതവേഗതയിലാകാമെന്നാണ് കണ്ടെത്തല്‍.120 കിലോമീറ്റര്‍ വരെ വേഗത്തിലാകാമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. നിലവില്‍ അപകടത്തില്‍ ദുരൂഹത സംശിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അര്‍ജുന്‍ വാഹനം ഓടിക്കുന്നത് കണ്ട ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു.

ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ബാലഭാസ്‌കര്‍ മരിച്ചതോടെ മൊഴി മാറ്റി. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈഎസ്പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു.

വാഹനമോടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു മൊഴി. അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഇത് അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നതോടെ മൊഴികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിവായി. അര്‍ജുന്‍ മൊഴി മാറ്റിയതിനെക്കുറിച്ച് ഇനി അന്വേഷണം നടക്കും. ബാലഭാസ്‌കര്‍ വിശ്രമിക്കാനിറങ്ങിയ കൊല്ലത്തെ കടയിലുണ്ടായിരുന്നവരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിനായി നോട്ടിസ് നല്‍കി. 

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ആദ്യം മംഗലപുരം പൊലീസ് അന്വേഷിച്ച കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. 

ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അപകടം പുനഃരാവിഷ്‌ക്കരിച്ചിരുന്നു. മരത്തിലിടിച്ചാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയില്‍ വന്നാല്‍ വാഹനം എതിര്‍വശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജൂണ്‍ 15ന് പരിശോധിച്ചത്. വാഹനം നിര്‍മിച്ച കമ്പനിയുടെ ജീവനക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com