'ഈ പാര്‍ട്ടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശം' ; സിപിഎം കുടുംബസംഗമത്തില്‍ നവ്യ ( വീഡിയോ)

വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ ഈ പാര്‍ട്ടിയെയാണ് താന്‍ ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആത്മാര്‍ത്ഥമായ ആഗ്രഹം
'ഈ പാര്‍ട്ടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശം' ; സിപിഎം കുടുംബസംഗമത്തില്‍ നവ്യ ( വീഡിയോ)

തൃശൂര്‍ : സിപിഎം എന്ന പാര്‍ട്ടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശമെന്ന് നടി നവ്യനായര്‍. സിപിഎം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പങ്കെടുക്കവേയാണ് നവ്യ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നവ്യ, ക്ഷേത്രം മാനേജരും സിപിഎം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പി ശങ്കുണ്ണിരാജുമായി  സംസാരിക്കുന്നതിനിടെയാണ് കുടുംബസംഗമം നടക്കുന്ന കാര്യം അറിയുന്നത്. 

കമ്മ്യൂണിസത്തെ സംബന്ധിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും കൂടുതല്‍ പറയാനൊന്നും അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്ന് നവ്യാ നായര്‍ പറഞ്ഞു. എല്ലാം മറന്ന്,  വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ ഈ പാര്‍ട്ടിയെയാണ് താന്‍ ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആത്മാര്‍ത്ഥമായ ആഗ്രഹം. നന്മയ്ക്കു വേണ്ടിയും സമത്വത്തിന് വേണ്ടിയും, കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ, മനസ്സിലാക്കിയിരുന്ന ആ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വിഷമങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നവ്യാ നായര്‍ പറഞ്ഞു. 

വേദിയിലേക്ക് കയറിവന്ന അമ്മമാരും ചുമട്ടുതൊഴിലാളിയുമെല്ലാം ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അതെല്ലാമാണ് എത്തിക്‌സ്. അദ്ദേഹം അത് ചെയ്തപ്പോള്‍ താന്‍ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യാനായര്‍ വേദിയെ തൊട്ടുതൊഴുകയും ചെയ്തു. വേദിയിലുള്ള സഖാക്കള്‍ക്കെല്ലാം ലാല്‍സലാം പറഞ്ഞാണ് നടി പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍ കവിത ആലപിക്കണമെന്ന സംഘാടകരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വീണ്ടും മൈക്കിന് മുന്നിലെത്തിയ നവ്യ വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളും ആലപിച്ചു. 

നടി നവ്യ നായര്‍  എത്തിയതോടെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആഹ്ലാദമായി. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പി ശങ്കുണ്ണിരാജ് അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗം എ വി പ്രശാന്ത്, കെ ആര്‍ സൂരജ്, കെ എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com